കാട്ടാന ആക്രമണം തടയാൻ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി ഇടപെടണം: കേരള കോൺഗ്രസ്-എം
1543148
Thursday, April 17, 2025 12:50 AM IST
പയ്യാവൂർ: മനുഷ്യജീവന് വില കൽപ്പിക്കാതെ കാടിനും കാട്ടുമൃഗങ്ങൾക്കും സംരക്ഷണം നൽകുന്ന വനം വകുപ്പിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും കാട്ടാനകൾ മനുഷ്യരെ ആക്രമിച്ചു കൊല്ലുന്ന സംഭവങ്ങൾ പതിവാകുന്നതിനാൽ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്നും കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിലെ ഭൂരിപക്ഷം മലയോര മേഖലകളിലും പതിവായി വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുമ്പോൾ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഉറക്കം നടിക്കുകയാണ്. അടിയന്തരമായി ഈ വിഷയങ്ങളിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് കേരള കോൺഗ്രസ്-എം നേതാക്കൾ മുന്നറിയിപ്പ് നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ബിനു മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ജോസ് മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു.ജെയ്സൺ കാച്ചപ്പിള്ളി, ടോമി വടക്കുംവീട്ടിൽ, ലിജു പാറയിൽ, നോബിൻസ് ചെരിപുറം, ചാക്കോ കാരത്തുരുത്തൽ, ജോസഫ് ചക്കാനിക്കുന്നേൽ, തുളസീധരൻ നായർ, മാത്യു എണിയക്കാട്ട്, ഏബ്രഹാം വെട്ടത്ത്, തങ്കച്ചൻ തോമസ്, ഏബ്രഹാം ചമതച്ചാൽ, അഭിലാഷ് വട്ടക്കാട്ട്, റോബിൻ ചാണ്ടിക്കൊല്ലിയിൽ, റോഷൻ ഓലിയ്ക്കൽ, പി.എൻ. ശിവദാസൻ, സിജു കുറുമുള്ളിൽ എന്നിവർ പ്രസംഗിച്ചു.