ദിവ്യയുടെ രാഗേഷ് സ്തുതി: കോണ്‍ഗ്രസിൽ അമർഷം
1543136
Thursday, April 17, 2025 12:50 AM IST
തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്. അയ്യരുടെ നിലപാടിൽ കോണ്‍ഗ്രസിനുള്ളിൽ അമർഷം. ദിവ്യ മുഖ്യമന്ത്രി പിണറായി വിജയനു പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ഭർത്താവും മുൻ കോണ്‍ഗ്രസ് എംഎൽഎയുമായ കെ.എസ്. ശബരീനാഥനും ദിവ്യക്കെ തിരേ രംഗത്തെത്തി.
രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചതു സദുദ്ദേശ്യപരമാണെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നായിരുന്നു ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽതന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്നു സർക്കാർ തലത്തിൽ നിന്നു രാഷ്ട്രീയതലത്തിലേക്കു മാറി. അതുകൊണ്ടാണ് ഇങ്ങനെയൊരു വിവാദം ഉണ്ടായതെന്നും ശബരീനാഥൻ പറഞ്ഞു.
കർണനു പോലും അസൂയ തോന്നുന്ന കെകെആർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ എസ്. അയ്യർ കഴിഞ്ഞ ദിവസം പുകഴ്ത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിനെ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയാണു ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
നേരത്തേയും ദിവ്യ എസ്. അയ്യർ സർക്കാരിനും സിപിഎം നേതാക്കൾക്കും അനുകൂലമായി പരാമർശങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പ്രസ്താവനകൾ കോണ്‍ഗ്രസിനെ പലപ്പോഴും വെട്ടിലാക്കിയിട്ടുണ്ട്.