മണത്തണയിലെ ക്ഷേത്ര കവർച്ച: പ്രതി അറസ്റ്റിൽ; തെളിവെടുപ്പ് നടത്തി
1543135
Thursday, April 17, 2025 12:50 AM IST
മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്ര മോഷണക്കേസിൽ ഒരാൾ അറസ്റ്റിൽ. ആലക്കോട് സ്വദേശി പി.കെ.ഷിജുവിനെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പേരാവൂർ എസ്എച്ച്ഒ പി.ബി. സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലക്കോട് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. പ്രതിയുമായി പോലീസ് ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 25ന് രാത്രിയായിരുന്നു ക്ഷേത്രത്തിൽ കവർച്ച നടന്നത്. ഗണപതി കോവിലിന് മുന്നിലെ ഭണ്ഡാരവും ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരവും കുത്തിതുറന്ന് പണം കവരുകയായിരുന്നു. കൂടാതെ ക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങൾ എടുത്തു കൊണ്ടു പോയി ക്ഷേത്രകമ്മിറ്റി ഓഫീസിനു പിറക് വശത്ത് വച്ച് പൂട്ട് തകർത്തും പണം കവർന്നിരുന്നു.
രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാർ ഭണ്ഡാരത്തിന് പുറത്ത് പത്തു രൂപ നോട്ട് കിടക്കുന്നത് കണ്ട് എടുത്ത് ഭണ്ഡാരത്തിലിടാൻ നോക്കിയപ്പോഴാണ് കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന ടോർച്ച് ക്ഷേത്രത്തിന് പുറത്തുനിന്ന് ലഭിച്ചിരുന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു.