ദേവാലയങ്ങളിലേക്കുള്ള മൂറോൻ തൈലം വെഞ്ചരിച്ചു
1542866
Wednesday, April 16, 2025 2:02 AM IST
ആലക്കോട്: തലശേരി അതിരൂപതയിലെ പരിശുദ്ധ മൂറോൻ തൈലം വെഞ്ചരിപ്പ് കർമം ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് തിരുക്കർമങ്ങളിലും വിശുദ്ധ കുർബാനയിലും പങ്കെടുത്തു.
മാമ്മോദീസ, സ്ഥൈര്യലേപനം, പട്ടം നൽകൽ, തൈലാഭിഷേകം എന്നിവയ്ക്ക് ഉപയോഗിക്കുന്ന അഭിഷേക തൈലത്തിന്റെ വെഞ്ചരിപ്പ് കർമമാണ് മൂറോൻ. അതിരൂപതയിലെ എല്ലാ പള്ളികളിലേക്കുള്ള തൈലത്തിന്റെ വെഞ്ചരിപ്പ് കർമമാണ് നടന്നത്. വിശുദ്ധ കുർബാനയിലും അഭിഷേകതൈലത്തിന്റെ വെഞ്ചരിപ്പ് കർമത്തിലും അതിരൂപതയിലെ 350 ഓളം വൈദികർ പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ച് തിരുക്കർമങ്ങളിൽ പങ്കുചേർന്നു. മൂറോൻ തൈല വെഞ്ചരിപ്പ് കർമത്തിൽ നിരവധി വിശ്വാസികളും പങ്കെടുത്തു. തുടർച്ചയായി രണ്ടാം വർഷമാണ് ആലക്കോട് ഫൊറോന പള്ളി മൂറോൻ തൈലം വെഞ്ചിരിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
********************
കണ്ണൂർ: കണ്ണൂർ രൂപതയ്ക്ക് അനുഗ്രഹത്തിന്റെ ദിനമായി വിശുദ്ധവാരത്തിലെ തിങ്കളാഴ്ച. ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, പൗരോഹിത്യം, രോഗീലേപനം എന്നീ കൂദാശകൾക്കായി അടുത്തവർഷം മുഴുവൻ കണ്ണൂർ രൂപതയുടെ ദേവാലയങ്ങളിൽ ഉപയോഗിക്കേണ്ട പ്രത്യേക തിരുത്തൈലങ്ങൾ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ആശീർവദിച്ചു.
രൂപത വൈദികദിനമായി ആഘോഷിച്ച തിങ്കളാഴ്ച ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, വികാരി ജനറാൾ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് രൂപതയിലെ എല്ലാ വൈദികരും ചേർന്ന് അർപ്പിച്ച ദിവ്യബലി മധ്യേയാണ് തൈലങ്ങൾ ആശീർവദിച്ചത്. പൗരോഹിത്യ കൂട്ടായ്മയെ അനുസ്മരിച്ച് രൂപതയിലെ എല്ലാ വൈദികരും പൗരോഹിത്യവ്രത വാഗ്ദാന നവീകരണവും നടത്തി. ദിവ്യബലിയിൽ വൈദികരും സന്യസ്തരും അല്മായരും പങ്കെടുത്തു.