തളിപ്പറമ്പിൽ ഓയില്‍ മില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം
1543146
Thursday, April 17, 2025 12:50 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ വന്‍ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന യു.എം.മുഹമ്മദ്കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുള്ള മുതുകുട ഓയില്‍ മില്ലിനാണ് ഇന്നലെ പുലർച്ചെ രണ്ടോടെ തീപിടിച്ചത്. ആളിപ്പടർന്ന തീ അണയ്ക്കാൻ കണ്ണൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ്, പെരിങ്ങോം, തലശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പത്തോളം അഗ്നിശമനയൂണിറ്റുകളെത്തിയിരുന്നു. ടണ്‍ കണക്കിന് വെളിച്ചെണ്ണ, കൊപ്ര, പിണ്ണാക്ക്, തേങ്ങ എന്നിവ സംഭരിച്ച ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു.
മെയിന്‍ റോഡില്‍ നിന്ന് കാക്കാത്തോട് ഭാഗത്തേക്ക് പോകുന്ന റോഡില്‍ ശാദുലിപള്ളിക്ക് മുന്നിലായ പ്രവര്‍ത്തിക്കുന്ന ഓയില്‍മില്ലിന്റെ മുകള്‍ഭാഗത്താണ് ആദ്യം തീപിടിച്ചത്. തീ കണ്ട ഉടന്‍ തന്നെ സമീപവാസികള്‍ പോലീസിലും അഗ്നിശമനനിലയത്തിലും വിവരമറിയിച്ചു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി കെട്ടിടത്തിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
മലബാറിലെ തന്നെ പ്രശസ്തമായ ഓയില്മില്ലാണ് മുതുകുട ഓയില്‍മില്‍. വ്യാപാരി-വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ.എസ് റിയാസ്, ജന.സെക്രട്ടറി വി.താജുദ്ദീന് എന്നിവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. അഗ്നിശമനസനേയും വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് തീ തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്.