നടുവിൽ ബസ് സ്റ്റാൻഡ് ടാർ ചെയ്തില്ല: പ്രതിഷേധം ശക്തമാകുന്നു
1543488
Friday, April 18, 2025 1:06 AM IST
നടുവിൽ: മലയോര ഹൈവേയിൽ നടുവിൽ പഞ്ചായത്തിലെ ബസ് സ്റ്റാൻഡ് പുനരുദ്ധാരണ പ്രവൃത്തി നടത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നവീകരണത്തിന്റെ പേരിൽ സ്റ്റാൻഡ് കൊത്തി ഇളക്കിയിട്ടിട്ട് മാസം ഒന്നാകാനായെങ്കിലും പ്രവൃത്തിയൊന്നും നടത്തിയിരുന്നില്ല. 2024-25 വാർഷിക പദ്ധതിയിലാണ് ബസ് സ്റ്റാൻഡ് നവീകരണം ഉൾപ്പെടുത്തിയിരുന്നത്. ദീർഘദൂര ബസുകൾ ഉൾപ്പെടെ നിരവധി ബസുകളും മറ്റു വാഹനങ്ങളും കടന്നു പോകുന്നതുമായ മലയോരത്തെ പ്രധാന പാതയോട് ചേർന്നാണ് ബസ് സ്റ്റാൻഡ് സ്ഥിതിചെയ്യുന്നത്.
ടൂറിസ്റ്റ് കേന്ദ്രമായ പൈതൽ മല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡു കൂടിയാണ് ബസ് സ്റ്റാൻഡിനോട് ചേർന്നുകിടക്കുന്നത്.
മലയോര ഹൈവേ യാഥാർഥ്യമായതോടെ വാഹനഗതാഗതവും വർധിച്ചു. ടാക്സി വാഹനങ്ങൾക്ക് ഇവിടെ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ ടൗണിൽ ഗതാഗതക്കുരുക്കും സ്ഥിരം സംഭവമാണ്.
ബസ് സ്റ്റാൻഡ് നവീകരണ പ്രവൃത്തി വൈകുന്നതിൽ പ്രതിഷേധിച്ച് സാജു ജോസഫിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ അംഗങ്ങൾ കഴിഞ്ഞദിവസം ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ചില താത്പര്യങ്ങൾ മുൻനിർത്തിയാണ് ഇത് പൊളിച്ചതെന്ന് അംഗങ്ങൾ ആരോപിച്ചു.