തലശേരിയിൽ കേരള ദിനേശ് ഏഴുനിലകളുള്ള ഫ്ലാറ്റ് നിർമിക്കും: എം.കെ. ദിനേശ് ബാബു
1542868
Wednesday, April 16, 2025 2:02 AM IST
തലശേരി: ഇല്ലത്ത് താഴെയിൽ അഞ്ചുകോടി ചെലവിൽ ഏഴു നിലകളിൽ ഫ്ലാറ്റ് സമുച്ചയം നിർമിക്കുമെന്നും വൈവിധ്യവത്കരണത്തിലൂടെ കേരള ദിനേശ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ചെയർമാൻ എം.കെ. ദിനേശ് ബാബു.
തലശേരി പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ദിനേശ് ഫുഡ്സ്, ദിനേശ് അംബ്രല്ല, ദിനേശ് ഐഐടി സിസ്റ്റംസ്, ദിനേശ് അപ്പാരൽസ്, ദിനേശ് ഓഡിറ്റോറിയം, മിനി സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവ കൂടുതൽ സജീവമാക്കും.
സഹകരണ മേഖലയിൽ ആദ്യത്തെ ഡ്രോൺ പരിശീലന കേന്ദ്രം കണ്ണൂരിൽ തുടങ്ങും. കേരളത്തിൽ വർധിച്ചുവരുന്ന വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ പാലക്കാട്, വയനാട് ജില്ലകളിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ആധുനിക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. വൈൽഡ് വാച്ച് എന്ന സിസ്റ്റത്തിലൂടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന് മുന്പ് വനംവകുപ്പിന് മുന്നറിയിപ്പും ജനത്തിന് വിവരവും ലഭ്യമാക്കാനാണ് വനംവകുപ്പുമായി സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉൾക്കാടുകളിലൂടെയുള്ള വന്യമൃഗ സഞ്ചാരവഴിയും ഇതിലൂടെ കണ്ടെത്താനാകും.
മായം കലരാത്തതും വിശ്വസിച്ച് വാങ്ങാൻ കഴിയുന്നതുമായ ഭക്ഷ്യ ഉത്പന്നങ്ങളാണ് വിപണിയിൽ ദിനേശിന്റേതായി എത്തിക്കുന്നത്. ഇത് ഒരിക്കൽ ഉപയോഗിച്ചവർ വീണ്ടും അതു തന്നെ ചോദിച്ച് വാങ്ങുന്നുണ്ട്. ദിനേശ് കുട ഇതിനകം ജനസമ്മതി നേടിക്കഴിഞ്ഞു. വില്പന മാത്രമല്ല, തകരാറുകൾ പരിഹരിച്ചു നൽകുന്നതും കുട വിപണിയിൽ ദിനേശിന്റെ പ്രത്യേകതയാണ്. തകരാറുകൾ ആറു മാസത്തിനകം പരിഹരിക്കാൻ കഴിയാതായാൽ കുട തന്നെ മാറ്റി നൽകുന്നുണ്ട്. പൈതൃക ടൂറിസം പദ്ധതിയിൽ നീലേശ്വരത്തും പ്രത്യേക സംരംഭങ്ങൾ തുടങ്ങും. ഇതിനുള്ള അനുമതിക്കായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മീറ്റ് ദ പ്രസ് പരിപാടിയിൽ പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു.