തീരദേശ മേഖലയില്‍ വ്യാപക കടലേറ്റം
1542862
Wednesday, April 16, 2025 2:02 AM IST
കണ്ണൂര്‍: ജില്ലയിലെ തീരദേശ മേഖലയില്‍ വ്യാപക കടലേറ്റമുണ്ടായതോടെ ജനങ്ങൾ ഭീതിയിൽ. മുഴപ്പിലങ്ങാട് ബീച്ച് മേഖലയിലും ഏഴരക്കടപ്പുറത്തും തിരമാരകള് കരയിലേക്ക് അടിച്ച് കയറിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായാണ് കടലേറ്റമുണ്ടായത്.
ഏഴരക്കടപ്പുറത്തെ സംരക്ഷണഭിത്തി മണല്‍ മൂടിയ അവസ്ഥയിലാണ്. ഇവിടെയുള്ള അങ്കണവാടി മേഖലയിലാണ് കൂടുതല്‍ വെള്ളം കയറിയത്. സമീപത്തുള്ള വീടുകളിലും റിസോര്‍ട്ടിലും വെള്ളം കയറിയിട്ടുണ്ട്. മുഴപ്പിലങ്ങാട് ബീച്ച് ഭാഗങ്ങളിലും വ്യാപകമായി കടലേറ്റമുണ്ടായി. ഉച്ചക്ക് രണ്ടരയോടെ കയറിയ വെള്ളം വൈകുന്നേരം അഞ്ചോടെ ഇറങ്ങി. അവധിക്കാലമായതിനാല്‍ ബീച്ചുകളില്‍ കുടുംബസമേതം നിരവധിയാളുകള്‍ എത്തുന്നുണ്ട്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലേറ്റത്തിന് സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശമുണ്ട്.