സമരം ഇനി നഗരസഭാ ഓഫീസിലേക്കെന്ന് നാട്ടുകാർ
1543484
Friday, April 18, 2025 1:06 AM IST
അലക്സ് നഗർ: വർഷങ്ങളായി തകർന്നുകിടക്കുന്ന അലക്സ് നഗർ - ഐച്ചേരി റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ടു. റോഡ് നന്നാക്കാത്ത പക്ഷം സമരം ശ്രീകണ്ഠപുരം നഗരസഭയിലേക്ക് മാറ്റുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. അറ്റകുറ്റപണി നടത്താത്തതു കാരണം ഈ റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരമായിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തിൽ പ്രതിഷേധം ശക്തമാണ്. അലക്സ് നഗർ പാലത്തിന് സമീപത്തും വാഴകളും കവുങ്ങുകളുമായി എത്തിയവർ മുദ്രാവാക്യം വിളികളോടെയാണ് റോഡിൽ വാഴകളും മറ്റും നട്ടത്. ജനകീയ സമരത്തിൽ ചെരിക്കോട്, ഐച്ചേരി,അലക്സ് നഗർ പ്രദേശവാസികൾ പങ്കെടുത്തു. റിട്ട.എസ്ഐ, എം.കെ.കൃഷ്ണൻ, സജികുര്യൻ എന്നിവർ പ്രസംഗിച്ചു.
നേരത്തെ ഈ റോഡിലൂടെ ഒരു കെഎസ്ആർടിസി ബസ് സർവീസ് നടത്തിയിരുന്നെങ്കിലും റോഡിന്റെ ശോച്യാവസ്ഥ കാരണം ബസ് സർവീസ് നിർത്തുകയായിരുന്നു. തകർന്നു കിടക്കുന്ന റോഡിലൂടെ ടാക്സി വാഹനങ്ങളോ ഓട്ടോ റിക്ഷകളോ പോലും സർവീസ് നടത്താത്തത് കാരണം ജനം കടുത്ത ദുരിതത്തിലാണ്. രോഗികൾക്കും മറ്റ് അത്യാവശ്യ യാത്രക്കാർക്കും അലക്സ്നഗറിലേക്കും തിരിച്ചും എത്താൻ ചുറ്റിവളഞ്ഞ് നെടുങ്ങോംവഴി പോകേണ്ട സ്ഥിതിയാണ്.
പാലം വന്നിട്ടും റോഡ് ടാർ ചെയ്തില്ല
അലക്സ് നഗറിനെയും കാഞ്ഞിലേരിയേയും ബന്ധിപ്പിക്കുന്ന പാലം നിർമിച്ചെങ്കിലും റോഡ് നിർമാണത്തിന് തുക അനുവദിക്കാഞ്ഞതോടെ റോഡ് നവീകരണം അനിശ്ചിതത്വത്തിലാക്കി. നേരത്തെ റോഡിനുൾപ്പടെ ഫണ്ട് വകയിരുത്തിയെങ്കിലും പിന്നീട് റോഡിന്റെ ഫണ്ട് ഒഴിവാക്കുകയായിരുന്നു. അതിനിടെ 2019- ൽ പിഡബ്ല്യുഡി ഏറ്റെടുത്ത റോഡാണിതെന്നും പറയുന്നുണ്ട്.
സജീവ് ജോസഫ് എംഎൽഎ ഇടപ്പെട്ടതിനെ തുടർന്ന് 15 ലക്ഷം രൂപ റോഡ് നവീകരണത്തിന് സർക്കാർ അനുവദിക്കുമെന്ന് ഉറപ്പുനൽകിയിരുവെങ്കിലും ഒന്നും നടന്നിട്ടില്ല. പിന്നീട് കേരള പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽനിന്ന് ലഭിച്ച കത്ത് പ്രകാരം റോഡ് നവീകരണത്തിന് 4.34 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചുവെന്നും അറിയിച്ചിരുന്നുവെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല.
വോട്ടു ചോദിച്ചു
വരേണ്ടെന്ന് ബാനറുകൾ
ടാറിംഗ് നടത്തിയില്ലെങ്കിൽ വോട്ടും നോട്ടും തേടി വന്നാൽ ആട്ടിപ്പായിക്കുമെന്നും നാട്ടുകാരുടെ മുന്നറിയിപ്പ്. റോഡിലൂടെ ഓടി നടുവൊടിഞ്ഞ കൂട്ടായ്മയുടെ പേരിലാണ് റോഡരികിൽ ബാനറുകൾ ഉയർത്തിയിരിക്കുന്നത്. റോഡ് തോടായ സാഹചര്യത്തിൽ മാസാമാസം എല്ലാ വീടുകളിലും കുഴമ്പും തൈലവും നഗരസഭ അനുവദിക്കണമെന്ന അപേക്ഷയാണ് ഒരു ബാനറിലുള്ളത്. മറ്റൊന്നിൽ കീരിടമെന്ന സിനിമയിലെ തിലകൻ അവതരിച്ച് കഥാപാത്രത്തിന്റെ പഞ്ച് ഡയലോഗിനോട് സാമ്യമുള്ള വാചകമാണ്. തിലകന്റെ ചിത്ര സഹിതം നിന്റെ അച്ഛനാടാ പറയുന്നെ, റോഡ് ടാർ ചെയ്യെടാ എന്നാണ് എഴുതിയിരിക്കുന്നത്.