മാഹി റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നു
1543138
Thursday, April 17, 2025 12:50 AM IST
മാഹി: മാഹി റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി മോടി പിടിപ്പിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിൽ. രാജ്യത്തെ ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി ആവിഷ്കരിച്ച അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. 95 ശതമാനത്തോളം പ്രവൃത്തിയും ഇതിനകം പൂർത്തിയായി.
അസൗകര്യങ്ങൾ ഏറെയുള്ള ഈ റെയിൽവേ സ്റ്റേഷനിൽ 10 കോടിയിൽപരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയായിട്ടുള്ളത്. പ്രവേശന കവാടം ഉൾപ്പെടെയുള്ളവ പ്രവൃത്തികൾ നേരത്തെ തന്നെ പൂർത്തിയാക്കി അതിമനോഹരമാക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിന്റെ വലത് ഭാഗത്തും ഇടത് ഭാഗത്തും രണ്ടാമത്തെ പ്ലാറ്റ് ഫോമിനോട് ചേർന്നുമുള്ള പാർക്കിംഗ് ഏരിയകളും പൂർത്തിയായി. പ്ലാറ്റ് ഫോമിന്റെ ഷെൽട്ടർ ഉയരം കൂട്ടൽ, പ്ലാറ്റ്ഫോമിന്റെ തറയിൽ ഇരു ഭാഗങ്ങളിലുമായി കടപ്പ വിരിക്കൽ തുടങ്ങിയവയും പൂർത്തിയാക്കി. പൂന്തോട്ടം ഉൾപ്പെടെയുള്ള പ്രകൃതി സൗഹൃദമായ ഗ്രീൻ പാർക്കിംഗ് ഏരിയയും സ്ഥാപിച്ചിട്ടുണ്ട്.
അതേ സമയം ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ നിലവിലുള്ള ശൗചാലയം നവീകരിക്കുന്ന പ്രവൃത്തി അടുത്ത ദിവസം തുടങ്ങും. രണ്ട് പ്ലാറ്റ്ഫോമിനെയും ബന്ധിപ്പിക്കുന്ന മേൽപാതയിലേക്കുള്ള ലിഫ്റ്റിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ഏതാനും ഷെൽട്ടറുകളുടെ മേൽക്കൂരയുടെ ഇരുമ്പ് ഷീറ്റ് മാറ്റുന്ന പ്രവൃത്തിയും അടുത്ത ദിവസം പൂർത്തിയാക്കും.
കുറ്റവാളികളുടെയും മദ്യപസംഘത്തിന്റെ താവളമായി മാറിയ റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് ആർപിഎഫിന്റെ ഔട്ട്പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ആഴ്ചകൾക്കകം നിർമാണ പ്രവൃത്തികൾ മുഴുവൻ പൂർത്തിയാക്കി ഉദ്ഘാടനം നടക്കുമെന്നാണ് സൂചന.