തോൽക്കാൻ മനസില്ലാത്ത ബൈജുവിന്റെ അമ്പതാം ജന്മദിനം ആഘോഷമാക്കി നാട്ടുകാർ
1542867
Wednesday, April 16, 2025 2:02 AM IST
ഇരിട്ടി: 30 വർഷങ്ങൾക്ക് മുന്പ് ജോലിക്കിടയിൽ നടന്ന അപകടത്തിൽ നട്ടെല്ലിന് പരിക്കുപറ്റി കിടപ്പിലായ കുന്നോത്ത്പറമ്പിലെ പാറയിൽ അച്യുതൻ- ചന്ദ്രിക ദന്പതികളുടെ മകനായ ബൈജുവിന്റെ അമ്പതാം ജനദിനം ആഘോഷമാക്കി നാട്ടുകാർ. തളർന്നു കിടന്നുപോകുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ബൈജുവിന്റെ ജീവിതം സ്വന്തം ഇച്ഛാശക്തികൊണ്ടുള്ള തിരിച്ചുവരവായിരുന്നു.
ദുഃഖങ്ങൾക്കും വേദനകൾക്കും ഇനി തന്റെ ജീവിതത്തിൽ ഇടമില്ലെന്ന ഉറച്ച വിശ്വാസവും ചുറ്റും നിൽക്കുന്നവർ നൽകുന്ന സ്നേഹവും കരുതലുമെല്ലാം ബൈജുവിനെ കൈപിടിച്ചുയർത്തി. ബൈജുവിന്റെ അമ്പതാം പിറന്നാൾ ആഘോഷം അതിജീവനത്തിനുള്ള ആദരവ് കൂടിയായിരുന്നു. 1995 ഡിസംബർ 28 നായിരുന്നു ബൈജുവിന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും തച്ചുടച്ച് ജോലിക്കിടയിൽ അപകടം സംഭവിക്കുന്നത്. വീട് പെയിന്റിംഗ് ചെയ്യുന്നതിനിടെ താഴെവീണ് ബൈജുവിന് ഗുരുതരമായി പരിക്കേൽക്കുന്നത്. ഇരിട്ടി, കണ്ണൂർ, കോഴിക്കോട്, മംഗളൂരു ആശുപത്രികളിലായി പിന്നീട് ജീവിതം. പ്രതീക്ഷയില്ലെന്നായിരുന്നു ഡോക്ടർമാരുടെ വാക്കുകൾ.
ബന്ധുക്കളും കൂട്ടുകാരും ഒപ്പമുണ്ടെങ്കിലും ചികിത്സയും പണവും ബൈജുവിന്റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു. പതിയെ ആയുർവേദത്തിലേക്ക് ചികിത്സ മാറി. ആയുർവേദത്തിലെ ചികിത്സ അരയ്ക്ക് താഴേക്ക് തളർന്നുകിടപ്പിലായിരുന്ന ബൈജുവിന് ചെറിയ പ്രതീക്ഷകൾ നൽകി. അഞ്ചു വർഷത്തിന് ശേഷം വീൽചെയറിൽ എത്തി. ധാരാളം സൗഹൃദ വലയങ്ങളുള്ള ബൈജുവിന് നവമാധ്യമങ്ങൾ കൂട്ടിനെത്തിയപ്പോൾ പിന്നീടൊരിക്കലും പഴയ ഓർമകളിൽ ഒതുങ്ങി കഴിയേണ്ടതായി വന്നില്ല. വീട്ടിൽ തന്നെ ഒരു കട തുടങ്ങി. കടയിൽ എത്തുന്നവർ തന്നെ സാധങ്ങൾ എടുക്കണം. തുക കണക്കുകൂട്ടി പെട്ടിയിൽ നിക്ഷേപിക്കണം.
ഇതിനെല്ലാമിടയിൽ വർഷങ്ങൾ പിന്നോട്ടോടിയത് ബൈജു അറിഞ്ഞില്ല. ഒരു നഷ്ടബോധവും തോന്നാതെ സുഹൃത്തുക്കൾക്കൊപ്പം വീൽചെയറിൽ അമ്പലപ്പറമ്പിലും ടൂറിസം കേന്ദ്രങ്ങളിലും ബൈജു എത്തും. കാലുകൾ തളർന്ന ബൈജുവിന്റെ കാലുകളായി സുഹൃത്തുക്കൾ ചുറ്റുമുണ്ടാകും. അമ്പതാം ജന്മദിനത്തിൽ ബൈജുവിന് ലഭിച്ച പിറന്നാൾ സമ്മാനം വീൽചെയറായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് നൽകിയ പുതിയ വീൽചെയർ ബൈജുവിന്റെ സഞ്ചാരം കുറച്ചുകൂടി എളുപ്പത്തിലാക്കി. മുപ്പതു വർഷത്തെ അതിജീവനം പൂർത്തിയാക്കിയ ബൈജുവിന് എപ്പോഴും കരുത്തും സ്വാന്ത്വനവും ആത്മവിശ്വാസവും തണലുമായി അച്ഛനും അമ്മയും അനുജൻമാരും ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുണ്ട്. അതിന്റെ തെളിവായിരുന്നു ഒരു ഗ്രാമം മുഴുവൻ ആടിപ്പാടി ആഘോഷിച്ച ബൈജുവിന്റെ അമ്പതാം ജന്മദിനം.