ചുഴിലിക്കാറ്റും വേനൽമഴയും ; വ്യാപക നാശനഷ്ടം
1542853
Wednesday, April 16, 2025 2:02 AM IST
ചെറുപുഴ: വിഷുദിനത്തിലുണ്ടായ കനത്ത കാറ്റിലും മഴയിലും ഇടിമിന്നലിലും ചെറുപുഴ മേഖലയിൽ വ്യാപക നാശം. കാർഷിക വിളകൾ വ്യാപകമായി നശിച്ചതിനു പുറമേ നിരവധി വൈദ്യുത തൂണുകളും ട്രാൻസ്ഫോർമറുകളും തകർന്നു. മരം വീണും മറ്റും വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. തിരുമേനി കോക്കടവിലെ പന്തലാനിക്കൽ സെബാസ്റ്റ്യന്റന്റെ വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര ഭാഗികമായി തകർന്നു. പാടിയോട്ടുചാൽ ഹാജിമുക്കിലെ കാക്കനാട്ട് ബാബു ചാക്കോയുടെ വീടിന്റെ വൈദ്യുത മീറ്ററും വയറിംഗും ഇടിമിന്നലേറ്റ് കത്തി നശിച്ചു. ചൂരപ്പടവിലെ ട്രാൻസ്ഫോർമർ കാറ്റിൽ നിലംപൊത്തി. മുളപ്ര പെരുങ്കുടൽ റോഡരികിൽ പാട്ടത്തിനെടുത്ത് നേന്ത്രവാഴ നട്ട ചെറുപാറ തെക്കേവയലിൽ ജയിസന്റെ കുലച്ച 200 ഓളം വാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. വാഴക്കുണ്ടം സെവൻസിലെ ചിറ്റാട്ടിൽ ബിനോയുടെ കമുക്, വാഴ എന്നിവയും നശിച്ചു. വീടിന് മുകളിൽ കമുക് ഒടിഞ്ഞു വീണു. ചുണ്ട, പുളിങ്ങോം, കോഴിച്ചാൽ, കായക്കര, ഇടവരമ്പ്, വിളക്കുവട്ടം, ചൂരപ്പടവ്, തിരുമേനി, കോക്കടവ്, വാഴക്കുണ്ടം, പാടിയോട്ടുചാൽ, ഹാജിമുക്ക്, എയ്യൻകല്ല് എന്നിവിടങ്ങളിലെല്ലാം കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കൊക്കോ, ജാതി, റബർ, കമുക്, തെങ്ങ് എന്നിവയാണ് വ്യാപകമായി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ചെറുപുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇടവരമ്പിലെ സജേഷ് പയ്യാടക്കൻ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുകളിൽ മരം പൊട്ടിവീണ് വീട്ടുപകരണങ്ങൾ തകർന്നു. തലപ്പുലത്ത് വിജയന്റെ കാലിത്തൊഴുത്ത്, പെരുമാലിൽ ബിനോയിയുടെ വീട് എന്നിവയും മരങ്ങൾ വീണ് ഭാഗികമായി തകർന്നു. പുളിങ്ങോം ശങ്കര നാരായണ ക്ഷേത്ര ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ തകർന്നു വീണു.
പ്രാപ്പൊയിൽ, കക്കോട്, മഞ്ഞക്കാട്, പെരുന്തടം, ചൂരപ്പടവ്, കുളത്ത് വായ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം സംഭവിച്ചു. ഇവിടങ്ങളിൽ വൈദ്യുതി വിതരണം പൂർണണമായും നിലച്ചു. വൈദ്യുതി പുനസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് അധികൃതർ പറയുന്നത്. വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. പെരുന്തടം - ചൂരപ്പടവ് ഭാഗത്ത് 20 എച്ച്ടി പോസ്റ്റുകളും, 15 എൽടി പോസ്റ്റുകളും കമ്പികളും തകർന്നു.
കാറ്റിൽ കൃഷി നാശം നേരിട്ടവർ കൃഷി ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ അഞ്ചു ദിവസത്തിനകം മതിയായ രേഖകളോടെ അപേക്ഷ നൽകണമെന്ന് ചെറുപുഴ കൃഷിഭവൻ അധികൃതർ അറിയിച്ചു. വാഴക്കുണ്ടം സെവൻസിലെ ചിറ്റാട്ടിൽ ബിനോയുടെ കമുക്, വാഴ എന്നിവ നശിച്ചു. വീടിന് മുകളിൽ കമുക് ഒടിഞ്ഞു വീണ് വീടിനും കേടുപാടുകൾ സംഭവിച്ചു.
ചൂരപ്പടവിലെ കൊച്ചു വിളയിൽ ദിവാകരന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കനത്ത കാറ്റിൽ പറന്നു പോയി. വീട്ടിനുള്ളിൽ സാധനങ്ങൾ നശിച്ചു. 60 റബർ മരങ്ങളും കമുക്, കശുമാവ്, തുടങ്ങിയവയും പൊട്ടി വീണു. തിരുമേനിയിലെ കിഴക്കരക്കോട്ട് ജോസ് കുട്ടിയുടെ വാഴത്തോട്ടം പൂർണമായും നശിച്ചു. നൂറോളം കുലച്ച വാഴകഴളടക്കമുള്ള തോട്ടമാണ് കാറ്റിൽ നശിച്ചത്.
പഞ്ചായത്ത് - വില്ലേജ് അധികൃതർ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർഗിച്ചു. പലയിടത്തും ഏറെ വൈകിയാണ് വൈദ്യതി പുന:സ്ഥാപിക്കുവാൻ കെഎസ്ഇബി ജീവനക്കാർക്ക് കഴിഞ്ഞത്.
ഉളിക്കൽ: വിഷുദിനത്തിൽ വീശിയടിച്ച ചുഴലി കാറ്റിലും വേനൽ മഴയിലും ഉളിക്കൽ, പയ്യാവൂർ പഞ്ചാത്തുകളിൽ വ്യാപക നാശം. രണ്ട് വീടുകൾ പൂർണമായും 100 ഓളം വീടുകൾ ഭാഗികമായും തകർന്നു. ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷികൾ പൂർണമായതും നശിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി, ഫോൺ, ഗതാഗത ബന്ധങ്ങൾ പൂണമായും തടസപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയാണ് മലയോര മേഖലയിൽ മഴക്കൊപ്പം ചുഴലിക്കാറ്റും വീശിയടിച്ചത്. ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറ, കോട്ടപ്പാറ, ആനയടി, അമേരിക്കൻ പാറ, ശാന്തിനഗർ, പയ്യാവൂർ പഞ്ചായത്തിലെ കുഞ്ഞിപ്പറമ്പ് ,കുന്നത്തൂർ മേഖലകളിലാണ് മിന്നൽ ചുഴലി വീശിയടിച്ചത്. റബർ, കശുമാവ്, പ്ലാവ്, മാവ്, തേക്ക് , കവുങ്ങ്, വാഴ, തെങ്ങ് തുടങ്ങി കാർഷിക വിളകൾ ഉൾപ്പെടെ കൃഷികൾ സർവതും കാറ്റിൽ നിലംപൊത്തി. മരങ്ങൾ പൊട്ടിവീണ് വീണ് വൈദ്യുതി ബന്ധവും നിലച്ചതോടെ മൊബൈൽ ബന്ധങ്ങളും തകരാറിലായി.
മരങ്ങൾ പൊട്ടിവീണ് പ്രധാന റോഡിലെയും പഞ്ചായത്ത് റോഡിലെയും ഗതാഗത സംവിധാനം തടസപ്പെട്ടു. രത്രി എട്ടോടെ നാട്ടുകാർ ഗതാഗതം പുനഃസ്ഥാപിച്ചു. വീടിനുള്ളിൽ കുടുങ്ങിപോയവരെയും നാട്ടുകാർ ചേർന്ന് വെളിയിൽ എത്തിച്ചു. മരം പൊട്ടിവീണും കാറ്റിൽ ഓടും അസ്പറ്റോസ് ഷീറ്റും പറന്നുപോയുമാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂര തകർന്നതോടെ മഴയിൽ നനഞ്ഞ് വീട്ടുപകരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
പല വീടുകളിലും തലനാരിഴക്കാണ് വീട്ടുകാർ അപകടത്തിൽ നിന്നും രക്ഷപെട്ടത്. സജീവ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാർ , വിവിധ ജനപ്രതിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ ,അമേരിക്കൻ പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജിനു ജോൺ ,കുഞ്ഞിപ്പറമ്പ് ഇടവക വികാരി ഫാ. ടോണി കുന്നത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരോട് സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങളെ സംബന്ധിച്ച യഥാർഥ വിവരങ്ങൾ ശേഖരിക്കാൻ എംഎൽഎ നിർദോശം നൽകി.
വീടുകളും കൃഷിയും
നശിച്ചു
ഉളിക്കൽ പഞ്ചായത്തിലെ അമേരിക്കൻ പാറയിലെ മീനോത്ത് ദാമുവിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പൂർണമായും പറന്നുപോയി. വീടിന്റെ ചിമ്മിനിക്ക് വിള്ളൽ വീണ് അപകടാവസ്ഥയിലാണ്. മരോട്ടിപ്പറമ്പിൽ മേഴ്സി, മണത്തിനാംകണ്ടി കല്യാണി, ചാന്തനാട്ട് കൃഷ്ണൻ കുട്ടി, മരോട്ടിക്കുഴി ബിനോയി, മേഴ്സി പൂവ്വത്തിങ്കൽ തുടങ്ങി നിരവധി വീടുകൾ ഭാഗികമായി തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അമേരിക്കൻപാറ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 200 അധിക റബർ മരങ്ങൾ കാറ്റിൽ തകർന്നു.കൂട്ടുങ്കൽ ജോയി, പൊന്നംതാനത്ത് മാത്യു, മാടപ്പള്ളിക്കുന്നേൽ ലൈജു, നരിവേലിൽ ജിൽസ്, താനംചേരി ബാലകൃഷ്ണൻ തുടങ്ങി നിരവധി കർഷകരുടെ കൃഷികളാണ് കാറ്റിൽ നിലം പൊത്തിയത്. സ്വകാര്യ നെറ്റ് വർക്ക് ശൃംഖലയുടെ കേബിൾ പല സ്ഥലങ്ങളിലും പൊട്ടിവീണ് വലിയ നഷ്ടം സംഭവിച്ചു.
പയ്യാവൂർ പഞ്ചായത്തിൽ കുഞ്ഞിപ്പറമ്പിലെ പൗലോസ് അറയ്ക്കപറമ്പിലിന്റെ വീട് മരം വീണ് പൂർണമായും തകർന്നു. ജയൻകുട്ടി കൽകുന്നത്ത്, മാത്യു കുളത്തിനപ്രായിൽ,റോയ് നെടുംതുണ്ടത്തിൽ,ജോൺസൺ ചൊറിയൻമാക്കൽ, ജോയി ചാരംകുഴിയിൽ, ചിന്നമ്മ പൈമ്പള്ളിൽ, വിൽസൺ നെടുമറ്റത്തിൽ, ജിമ്മി വല്ലേൽപുത്തേട്ട്, മോഹനൻ പൂണൂൽപറമ്പിൽ, തങ്കച്ചൻ മാപ്പറയിൽ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.
റോയി ഇടകഴിക്കൽ, മാത്യു അറക്കൽ, മാത്യു കുളത്തിനാപ്രായിൽ,ജിമ്മി വല്ലേൽപുത്തേട്ട്, തങ്കച്ചൻ കുപ്പക്കുഴിയിൽ, ക്രിസ്തുദാസി കോൺവെന്റ് കുഞ്ഞിപ്പറമ്പ്, സെന്റ് ജോസഫ് പള്ളി കുഞ്ഞിപ്പറമ്പ്, പെണ്ണമ്മ വാളിപാക്കൽ, സജി പുലിക്കുന്നേൽ, ജിമ്മി അറക്കൽ, ഉമ്മർ പയ്യാവൂർ, ഗിരിധരൻ അവരോത്ത്, രവീന്ദ്രൻ വെട്ടൂപറമ്പിൽ, സിബി പൂവന്നിക്കുന്നിൽ, ലിജു പുല്ലുമുറ്റത്തിൽ, സാബു കൂനാനിക്കൽ , ജോസഫ് എടാട്ട് എന്നിവരുടെ കൃഷിയിടങ്ങൾ പൂർണ്ണമായും നശിച്ചു.
അടിയന്തര സഹായം എത്തിക്കണം: സജീവ് ജോസഫ്
വീശിയടിച്ച ചുഴലിക്കാറ്റിൽ കൃഷി നശിച്ചവർക്കും വീട് നഷ്ടമായവർക്കും സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ കാലവർഷ കെടുതിയിൽ വീടും കൃഷിയും നശിച്ചവർക്ക് ഒരുവർഷം പിന്നിട്ടിട്ടും സർക്കാർ നഷ്ടപരിഹാരം നൽകാത്തത് കർഷകരോട് കണിക്കുന്ന അവഗണക്ക് ഉദാഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.