നിർദേശങ്ങൾ പാലിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ പ്രതിഷേധം
1543149
Thursday, April 17, 2025 12:50 AM IST
പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭയിലെ പൊതുശ്മശാനത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ പാലിക്കാതെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ.
പുകക്കുഴലിന് ആവശ്യമായ ഉയരമില്ലാതെയും ബോർഡ് നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കാതെയും മൃതദേഹം സംസ്കരിക്കുന്നതിനാൽ പുറത്തേക്കു വ്യാപിക്കുന്ന പുക കടുത്ത അസ്വസ്ഥതയ്ക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുവെന്ന ആക്ഷൻ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻവയോൺമെന്റൽ എൻജിനിയർ ശ്രീകണ്ഠപുരം നഗരസഭാ സെക്രട്ടറിക്ക് ശ്മശാനങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങുന്ന നോട്ടീസ് അയച്ചത്. ഈ നിർദേശങ്ങൾ പാലിക്കാതെയാണു കഴിഞ്ഞ ദിവസവും ഇവിടെ മൃതദേഹം സംസ്കരിച്ചത്.
നഗരസഭയുടെ ധിക്കാരപരമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധിക്കുന്നതിനൊപ്പം ബന്ധപ്പെട്ട അധികാരികൾക്ക് പരാതിയും നൽകാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. കൺവീനർ സി.കെ. രതീഷ്, കെ. സവിത, എൽ. വത്സലൻ എന്നിവർ പങ്കെടുത്തു.