ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
1543140
Thursday, April 17, 2025 12:50 AM IST
ചാവശേരി: ചാവശേരിയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും നാഷണൽ പെർമിറ്റ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മട്ടന്നൂർ - ഇരിട്ടി റൂട്ടിൽ ചാവശേരി ടൗണിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് കണ്ണൂർ വഴി കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തിരൂരിൽ നിന്ന് കർണാടകത്തിലേക്ക് തേങ്ങയും കയറ്റി പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ചാവശേരി ടൗണിൽ വളവിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് യാത്രികരായ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിലേക്ക് വീണുടഞ്ഞ തേങ്ങകളും പൊട്ടിയ വാഹനത്തിന്റെ ഗ്ലാസുകളും മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗം വെള്ളം ചീറ്റിച്ച് റോഡിൽ നിന്നും നീക്കം ചെയ്തു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.