ബാലപാഠങ്ങൾ ഡൽഹിയിൽ; പഠിപ്പിക്കാൻ കണ്ണൂരിൽ
1542864
Wednesday, April 16, 2025 2:02 AM IST
റെനീഷ് മാത്യു
കണ്ണൂർ: ഡൽഹിയുടെ കളരിയിൽ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചാണ് രാജ്യത്ത് സിപിഎമ്മിന് ഏറ്റവും വേരോട്ടമുള്ള കണ്ണൂരിനെ നയിക്കാനുള്ള ചുമതല കെ.കെ. രാഗേഷിന് ലഭിക്കുന്നത്.
വിദ്യാർഥി സംഘടനാ പ്രവർത്തനവുമായി ആറുവർഷത്തോളം ഡൽഹി കേന്ദ്രീകരിച്ചുപ്രവർത്തിച്ച രാഗേഷ് 2009 ലെ ലോക്സഭാ തെരഞ്ഞ െടുപ്പിൽ കണ്ണൂരിൽ കെ. സുധാകരനെതിരേ മത്സരിക്കാനാണു തലസ്ഥാനനഗരി വിട്ടത്. സിപിഎം ലേബലിൽ എ.പി. അബ്ദുള്ളക്കുട്ടി രണ്ടുതവണ മത്സരിച്ചു ജയിച്ച കണ്ണൂരിൽ ഉറച്ച വിജയപ്രതീക്ഷയോടെയായിരുന്നു പാർട്ടി രാഗേഷിനെ മത്സരിപ്പിച്ചത്. രാഗേഷിന്റെ കന്നിമത്സരം കൂടിയായിരുന്നു അത്. എന്നാൽ പരാജയമായിരുന്നു ഫലം. 43,151 വോട്ടുകൾക്കാണ് കെ.സുധാകരനോട് അടിയറവ് പറയേണ്ടിവന്നത്. അതോടെ രാഗേഷിന്റെ രാഷ്ട്രീയഭാവി തകർന്നെന്ന വിലയിരുത്തലുകളുണ്ടായി. എന്നാൽ, കണ്ണൂർ കേന്ദ്രീകരിച്ചു പാർട്ടി പ്രവർത്തനം തുടർന്ന കടുത്ത പിണറായി പക്ഷക്കാരനായ രാഗേഷ് പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും ഉയരുന്നതാണ് പിന്നീട് കണ്ടത്.
എസ്എഫ്ഐയുടെ അഖിലേന്ത്യാ സെക്രട്ടറിയായ ഏക മലയാളി, കിസാൻ സഭയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, മുൻ രാജ്യസഭാ എംപിയുമായ രാഗേഷിന് രണ്ടാം നിരയിലെ സീനിയോറിറ്റിയും അനുകൂലമായി. തലമുറമാറ്റം നടപ്പായപ്പോൾ മുതിർന്ന നേതാക്കൾ പട്ടികയിൽ പിന്നിലായി. എം.വി. ജയരാജൻ രാഗേഷിനെ നിർദേശിച്ചു. മറ്റു പേരുകൾ ഉയർന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് താത്കാലിക സെക്രട്ടറിയായ ടി.വി. രാജേഷിനും സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ എം. പ്രകാശനും രാഗേഷ് വന്നപ്പോൾ വഴിയടഞ്ഞു.
ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദധാരിയായ രാഗേഷിന്റെ നേതൃത്വത്തിൽ നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി നടത്തിയ പ്രചാരണത്തിലാണ് 2014 ൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പി.കെ. ശ്രീമതിയിലൂടെ സീറ്റ് തിരിച്ചുപിടിച്ചത്. ഇതിനിടെ, 2015ൽ രാജ്യസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
പാർലമെന്ററി രംഗത്തല്ലാതെ കണ്ണൂർ കേന്ദ്രീകരിച്ചു മുന്പ് പ്രവർത്തിച്ചിട്ടില്ലാത്ത രാഗേഷിന് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ ഘടകത്തിന്റെ തലപ്പത്തെത്തുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. ഒറ്റക്കെട്ടായി നീങ്ങിയ കണ്ണൂർ പാർട്ടിയിൽ ഇന്ന് നേതാക്കൾ പല തുരുത്തുകളിലാണ്. ഭിന്നിപ്പ് പാർട്ടി ലൈൻ കടക്കാതിരുന്നതിൽ എം.വി. ജയരാജന്റെ നയതന്ത്രം ജില്ലയിൽ സിപിഎമ്മിനെ തുണച്ചിരുന്നു. കെ.കെ. രാഗേഷിന് അതിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നതാണ് ശ്രദ്ധേയം. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുചോർച്ചയും ശക്തി കേന്ദ്രങ്ങളിലെ ബിജെപി വളർച്ചയും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇവ ഉയർത്തിയ ക്ഷീണം മാറ്റുകയും വേണം.
തദ്ദേശ തെരഞ്ഞെടുപ്പും തുടർ ഭരണം ലക്ഷ്യമിടുന്ന നിയമസഭാ തെരഞ്ഞെടുപ്പും കണ്ണൂർ പാർട്ടിക്കും നിർണായകമാണ്. പങ്കാളി പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മൗനം പാലിച്ച രാഗേഷിന് പുതിയ പദവിയിലെത്തുമ്പോൾ അതു മതിയാകില്ല. കണ്ണൂർ ഘടകത്തിന്റെ നിലപാട് സംസ്ഥാന സിപിഎമ്മിന്റെ തീരുമാനങ്ങളിൽ നിർണായകമാകുമെന്നിരിക്കെ മുഖ്യമന്ത്രിയുടെ പിന്തുണയിൽ കെ.കെ. രാഗേഷിന്റെ വരവ് ഭാവി മുന്നിൽക്കണ്ടാണെന്നത് നിശ്ചയമാണ്.
"പീപ്പിൾസ് ഡെമോക്രസി’ അടക്കമുള്ള ആനുകാലികങ്ങളിൽ പതിവായി എഴുതാറുള്ള രാഗേഷ് "സ്വാശ്രയ നിയമം-പ്രതീക്ഷയും പ്രതിരോധവും’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. എസ്എഫ്ഐയുടെ മുഖമാസികയായ സ്റ്റുഡന്റ്, സ്റ്റുഡന്റ് സ്ട്രഗിൾ എന്നിവയുടെ പത്രാധിപരായിരുന്നു. പാര്ലമെന്റിലെ മികച്ച പ്രവര്ത്തനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷന് നല്കുന്ന സന്സദ്രത്ന പുരസ്കാരത്തിന് 2021ൽ കെ.കെ .രാഗേഷ് അർഹനായിട്ടുണ്ട്.
അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായും കെ.കെ.രാഗേഷ് പ്രവർത്തിച്ചിരുന്നു. മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും ഡൽഹി കേന്ദ്രീകരിച്ച് സജീവമായി ഇടപെട്ടു. കാഞ്ഞിരോട് വീവേഴ്സ് സൊസൈറ്റിയിൽനിന്നു നെയ്ത്തു തൊഴിലാളിയായ വിരമിച്ച സി. ശ്രീധരൻ- കെ.കെ. യശോദ ദന്പതികളുടെ മകനാണ്. എഴുത്തുകാരനും ചിന്തകനുമായ തളിപ്പറന്പ് അള്ളാംകുളത്തെ വർഗീസിന്റെ മകൾ പ്രിയയയാണു ഭാര്യ. ശാരിക, ചാരുത എന്നിവർ മക്കൾ.