അന്ത്യഅത്താഴ ഓർമകളിൽ നാളെ പെസഹ വ്യാഴം
1542865
Wednesday, April 16, 2025 2:02 AM IST
കണ്ണൂർ: നാളെ പെസഹാ വ്യാഴം. കുരിശുമരണത്തിന് മുമ്പ് യേശുഎളിമയുടെ സന്ദേശം നൽകി തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി അവർക്കൊപ്പം അന്ത്യഅത്താഴം കഴിച്ചതിന്റെ ഓർമ പുതുക്കൽ. പെസഹാ ദിനത്തിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ നാളെ കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടക്കും.
തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ ഏഴിന് കാലുകഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും. രാവിലെ 9.30 നും വൈകുന്നേരം 4.30നും ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. വൈകുന്നേരം പൊതുആരാധനയും ഉണ്ടായിരിക്കും. ദുഃഖവെള്ളി ദിവസം രാവിലെ ഏഴിന് പീഡാനുഭവ വെള്ളി തിരുക്കർമങ്ങൾ, വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴി എന്നിവ നടക്കും. വലിയ ശനി രാവിലെ 6.30ന് വിശുദ്ധ കുർബാന, വലിയ ശനി തിരുക്കർമങ്ങൾ എന്നിവ നടക്കും. ഉയിർപ്പു തിരുനാൾ ദിവസമായ 20ന് പുലർച്ചെ മൂന്നിന് ഉയിർപ്പുതിരുനാൾ തിരുക്കർമങ്ങളും ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. രാവിലെ ഒന്പതിനും വിശുദ്ധ കുർബാനയുണ്ടായിരിക്കും. തിരുക്കർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പാപ്ലാനി മുഖ്യകാർമികത്വം വഹിക്കും.
ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ പെസഹ വ്യാഴാഴ്ച വൈകുന്നേരം ആറിന് കാൽകഴുകൽ ശുശ്രൂഷയും തിരുവത്താഴ പൂജയും ദിവ്യകാരുണ്യ പ്രദക്ഷിണവും രാത്രി 12 വരെ ദിവ്യകാരുണ്യാരാധനയും നടക്കും. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പീഢാനുഭവ തിരുക്കർമങ്ങളും കുരിശിന്റെ ആരാധനയും നടക്കും. തുടർന്നു പള്ളിയ്ക്കുചുറ്റും കുരിശിന്റെ വഴി, നഗരികാണിക്കൽ എന്നിവ ഉണ്ടായിരിക്കും.19നു രാത്രി 10.30ന് ഉയിർപ്പ് തിരുക്കർമങ്ങൾ. പെസഹാജാഗരം, ദീപാർച്ചന, പെസഹാ പ്രഘോഷണം, ജ്ഞാ നസ്നാനജല ആശീർവാദം, ദിവ്യബലിയും നടക്കും. 20 നു രാവിലെ ഏഴിന് ദിവ്യബലി (ഇംഗ്ലീഷ്) , 8.30നുള്ള ദിവ്യബലിയോടെ വിശുദ്ധവാര തിരുക്കർമങ്ങൾ സമാപിക്കും.
ശ്രീപുരം സെന്റ് മേരീസ് പള്ളിയിൽ പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് നടക്കുന്ന കാൽകഴുകൽ ശുശ്രൂഷക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിനും ഈസ്റ്റർ ദിവസം പുലർച്ചെ അഞ്ചിനും നടക്കുന്ന തിരുക്കർമങ്ങൾക്കും മാർ പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും.ദുഃഖവെള്ളി രാവിലെ 8.30 ന് കണ്ണൂർ ടാണിലെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സംയുക്ത കുരിശിന്റെ വഴി സ്റ്റേഡിയം കോർണറിലേക്ക് നടക്കും.