സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ പുളിങ്ങോം
1541280
Thursday, April 10, 2025 12:54 AM IST
ചെറുപുഴ: സംസ്ഥാന സർക്കാരിന്റെ ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ ജനകീയ കാമ്പയിനിന്റെ ഭാഗമായി കൂടുതൽ ആളുകളെ പരിശോധന നടത്തിയ മികച്ച കേന്ദ്രങ്ങളുടെ പട്ടികയിൽ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രവും. ആദ്യ 10 സ്ഥാപനങ്ങളിലൊന്നായാണ് പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം പട്ടികയിൽ ഇടം നേടിയത്.
പഞ്ചായത്തിന്റെ സഹകരണത്തോടെ പുളിങ്ങോം എഫ്എച്ച്സിയിലും ജനകീയരോഗ്യ കേന്ദ്രങ്ങളിലും,പഞ്ചായത്തിലെ മറ്റ് 13 കേന്ദ്രങ്ങളിലുമാണ് പരിശോധന സംഘടിപ്പിച്ചത്. ക്യാന്പുകളിൽ 6163 പേരെ പരിശോധനയക്ക് വിധേയരാക്കി. 6000 പേരുടെ സ്തന പരിശോധനയും 5144 പേരുടെ ഗർഭശയഗള പരിശോധനയും നടത്തി.
പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയാണ് കാൻസർ പരിശോധനക്കായി ചെലവഴിച്ചത്. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ മാത്രം നടത്തിയിരുന്ന പാപ്സ്മിയർ പരിശോധന സൗജന്യമായി ക്യാമ്പുകളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും നടത്തിയിരുനനു. 350 പേർക്ക് പാപ്സ്മിയർ പരിശോധന നടത്തിയതിൽ 106 പേരെ റഫർ ചെയ്യുകയും ഇതിൽ ഒരാൾക്ക് കാൻസർ കണ്ടെത്തുകയും ചെയ്തു. കൂടാതെ ചെറുപുഴ പഞ്ചായത്തിലെ കുടുംബശ്രീ, സിഡിഎസിന്റെ സഹകരണത്തോടെ കുടുംബശ്രീ പ്രവർത്തകർക്ക് കാൻസർ സാധ്യത സർവേ ചോദ്യങ്ങൾ ഗൂഗിൾ ഫോമിൽ നൽകുകയും ഇതിൽ സാധ്യത ഉള്ളവരെ കണ്ടെത്തി പരിശോധന നടത്തുകയും ചെയ്തു.
സ്വയം സ്തന പരിശോധന സംബന്ധിച്ച് കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു. അങ്കണവാടികൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടർ ചെയർമാനായും മെഡിക്കൽ ഓഫീസർ ഡോ. അരുൺ അഭിലാഷ് കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.
ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ് കോ-ഓർഡിനേറ്ററായിരുന്നു. പിഎച്ച്എൻ എം.എൽ. മനീഷ, നഴ്സിംഗ് ഓഫീസർ ഷജ്ന ജോസ് എന്നിവർ ജോയിന്റ് കൺവീനർമാരും പഞ്ചായത്തംഗങ്ങൾ, ആശ - ആരോഗ്യ പ്രവർത്തകർ, അങ്കണവാടി, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പ്രവർത്തനങ്ങൾ നടത്തിയത്.