മികച്ച അംഗീകാരവുമായി വീണ്ടും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്
1542585
Monday, April 14, 2025 1:53 AM IST
ചപ്പാരപ്പടവ്: തിരുവനന്തപുരത്ത് നടന്ന "വൃത്തി-2025 ക്ലീൻ' കേരള കോൺക്ലേവിൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന് മികച്ച അംഗീകാരം. മൂന്നു വേദികളിലായി അവതരണം നടത്തുന്നതിനുള്ള അവസരവും ആദരവും പഞ്ചായത്തിന് ലഭിച്ചു.
മാലിന്യ സംസ്കരണത്തിലെ മികച്ച വിവര വിജ്ഞാപനം മാതൃകകൾ, മികച്ച ശുചിത്വ മാതൃക, ഹരിത കർമ്മ സേന ആൻഡ് റസിഡൻസ് അസോസിയേഷൻ സംവാദം എന്നിവയുടെ അവതരണമാണ് നടത്തിയത്. മറ്റൊരു പഞ്ചായത്തിനും ലഭിക്കാത്തത്ര അവസരങ്ങളാണ് ചപ്പാരപ്പടവിന് ലഭിച്ചത്. അസി.സെക്രട്ടറി ജി.അജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, ഹരിത കർമ്മ സേന പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് യഥാക്രമം നിറഞ്ഞ സദസിനു മുമ്പിൽ അവതരണങ്ങൾ നടത്തിയത്.
വിലയിരുത്തിയ ജൂറിമാരിൽ നിന്നും വളരെ വിലപ്പെട്ട അഭിപ്രായങ്ങളും അനുമോദനങ്ങളും ആദരവുകളും ഏറ്റുവാങ്ങാൻ ഇവർക്ക് സാധിച്ചു. കഴിഞ്ഞ നാല് വർഷമായി പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ആദരവുകൾ. കണ്ണൂർ ജില്ലയിൽ നിന്നും പഞ്ചായത്ത് വിഭാഗത്തിൽ സ്റ്റാളൊരുക്കിയത് ചപ്പാരപ്പടവ് മാത്രമാണ്. സഹകരിച്ച എല്ലാവർക്കുമായി ഈ നേട്ടങ്ങൾ സമർപ്പിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അറിയിച്ചു.