വയനാട് ദുരന്ത നിവാരണം: കേന്ദ്ര നിലപാട് അതിക്രൂരം- ജോസ് ചെമ്പേരി
1542476
Sunday, April 13, 2025 7:25 AM IST
കണ്ണൂർ: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര നിലപാട് അതിക്രൂരമെന്ന് കേരള കോൺഗ്രസ്-എം രാഷ്ട്രീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിനും, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്കുമുള്ള വിവേചനാധികാരം ഉപയോഗിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധനവില വർധനവിലൂടെ കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ലക്ഷക്കണക്കായ കോടികളിൽനിന്നും കുറച്ചെങ്കിലും കൊടുക്കാവുന്നതാണ്.
കേരളത്തിൽ ഓരോരുത്തരും സ്കൂട്ടറോ, ബൈക്കോ ഉള്ളവരാണ്. മിക്കവാറും വീടുകളിൽ കാറുകളുമുണ്ട്. ഇവരൊക്കെ വാങ്ങുന്ന ഓരോ ലിറ്റർ പെട്രോളിനും 25 രൂപ വീതം നികുതിയിനത്തിൽ കേന്ദ്ര സർക്കാരിന് ലഭിക്കുന്നുണ്ട്.
ഇങ്ങനെ ജനങ്ങളെ കൊള്ളചെയ്ത് വസൂലാക്കുന്ന പണം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഇത് കോർപ്പറേറ്റുകളുടെ മാത്രം കടം എഴുതിത്തള്ളാനുള്ളതല്ലെന്നും ദുരന്തബാധിതരുടെ കടങ്ങൾക്കും പ്രയോജനപ്പെടണമെന്നും ജോസ് ചെമ്പേരി പത്രക്കുറിപ്പിൽ അറിയിച്ചു.