കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി
1542491
Sunday, April 13, 2025 7:31 AM IST
ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ 1.5 കിലോ ഗ്രാം കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി സരിത് സെബാസ്റ്റ്യനെ (39) ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തു. റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈഎസ്പിയുടെ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലാകുന്നത് .
കർണാടക ഭാഗത്തുനിന്ന് പാലത്തിലൂടെ കേരളത്തിലേക്കു നടന്നെത്തിയ പ്രതിയെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുക്കുന്നത്.
ബാഗിൽ ബ്രൗൺ പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് മണം പുറത്തുവരാത്ത രീതിയിൽ പായ്ക്ക് ചെയ്തതായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഹാഷിഷ് ഓയിൽ ഹോമിയോ ഗുളികകൾ സൂക്ഷിക്കുന്ന രീതിയിലുള്ള ചെറിയ ചില്ലുകുപ്പികളിൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു. 139 ചെറിയ ബോട്ടിലുകളിൽ നിറച്ചനിലയിലായിരുന്നു ഹാഷിഷ് ഓയിൽ.
ഹാഷിഷ് ഓയിൽ നിറയ്ക്കാൻ പ്രത്യേകം തയാറാക്കിയ ബോട്ടിലുകളായിരുന്നുവെന്ന് സംശയിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ബോട്ടിലുകൾ ലഭ്യമല്ലെന്നാണു പോലീസ് പറയുന്നത്.
ഹാഷിഷ് ഓയിലിന് മാർക്കറ്റിൽ ഗ്രാമിന് 3,000 രൂപയാണ് വില. ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ ഒരുഗ്രാം മുതൽ രണ്ടും മൂന്നും ഗ്രാം വരെ ബോട്ടിലുകളാലാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ഹാഷിഷ് ഓയിലിന് മാത്രം മാർക്കറ്റിൽ 10.50 ലക്ഷം രൂപ വിലവരുമെന്നാണു പോലീസ് പറയുന്നത്.
പ്രതിയുടെ പേരിൽ നാർക്കോട്ടിക് കേസുകൾ ഒന്നും മുന്പ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും കർണാടകയിലെ പരപ്പന അഗ്രഹാര ജയിലിൽ തടവുശിക്ഷ ലഭിച്ചിട്ടുണ്ടെന്നാണു പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ഇരിട്ടി സിഐ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തു വരികയാണ്.