കുട്ടി പോലീസിന് അവധിക്കാലം കുട്ടിക്കളിയല്ല
1542478
Sunday, April 13, 2025 7:25 AM IST
ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി പലവിധ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തി മാതൃകയാകുന്നു. പേപ്പർ ബാഗുകൾ, മുഴുവൻ ക്ലാസുകളിലേക്കും ആവശ്യമായ പേപ്പർ കുട്ടകൾ, കുടകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ഉത്പന്നങ്ങളാണ് അവധിക്കാല ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികൾ നിർമിച്ചത്.
അടുത്ത വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതരായെത്തുന്ന കൂട്ടുകാർക്ക് നൽകാനുള്ള ഉപഹാരങ്ങളും നിർധന വിദ്യാർഥികൾക്ക് സമ്മാനിക്കാനുള്ള കുടകളുമൊക്കെയാണ് ഒരുക്കിയിട്ടുള്ളത്. ലഹരിയുടെയും സൈബർ ചതികളുടെയും ലോകത്തേക്ക് യുവാക്കളും കൗമാരക്കാരായ വിദ്യാർഥികളും വഴിതെറ്റുന്ന വാർത്തകൾ വരുമ്പോഴാണ് പ്രതീക്ഷയുടെയും കരുതലിന്റെയും മികച്ച മാതൃക സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സൃഷ്ടിക്കുന്നത്.
വർക്ക് എക്സ്പീരിയൻസ് സംസ്ഥാന റിസോഴ്സ് പേഴ്സൺ സി.പി. ഷീജ, സ്കൂൾ മുഖ്യാധ്യാപിക വി.സി. ശൈലജ, സ്റ്റാഫ് സെക്രട്ടറി കെ.പി. സുനിൽകുമാർ, കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി. സുനേഷ്, ടി. വത്സലൻ, കെ. ശ്രീജിത്ത്, വി. രമ്യ, യു.കെ. പ്രിയേഷ് എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.