പണിതിട്ടും തീരാത്ത കരുവഞ്ചാൽ പാലം
1542485
Sunday, April 13, 2025 7:25 AM IST
ആലക്കോട്: കരുവഞ്ചാൽ പാലം നിർമാണം ഏതാണ്ട് പൂർത്തിയായെങ്കിലും അപ്രോച്ച് റോഡും അനുബന്ധ പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുകയാണ്. പ്രവർത്തി നീളുന്നത് ഗതാഗത കുരുക്കിന് വഴിവയ്ക്കുകയാണ്. നിർമാണം തുടങ്ങി രണ്ടര വർഷം കഴിഞ്ഞിട്ടും പ്രവൃത്തി നീട്ടിക്കോണ്ടുപോകുന്നതിൽ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.
2022 ഡിസംബറിൽ മന്ത്രി മുഹമ്മദ് റിയാസാണ് നിർമാണം പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. തിരു നാൾ, ഉത്സവ തിരക്കുകളുടെ ഭാഗമായി ഡിസംബറിൽ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നുവെങ്കിലും പ്രവൃത്തി പുനരാരംഭിക്കാനായി രണ്ടുമാസം മുമ്പ് പാലം അടച്ചു. ഇതാണ് വീണ്ടും ഗതാഗതക്കുരുക്കിന് വഴിവച്ചത്. വീതി കുറഞ്ഞ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്.
പുതിയ പാലത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തി എന്ന് കഴിയുമെന്ന കാര്യത്തിൽ ബന്ധപ്പെട്ട വർക്ക് വ്യക്തതയില്ല. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.