പയ്യാവൂർ-കാഞ്ഞിരക്കൊല്ലി റോഡിനോട് അവഗണന: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
1542425
Sunday, April 13, 2025 6:56 AM IST
കാഞ്ഞിരക്കൊല്ലി: ജില്ലയിലെ പ്രധാന ഹിൽ ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്കുള്ള പ്രധാന റോഡായ പയ്യൂവൂർ-കാഞ്ഞിരക്കൊല്ലി നവീകരിക്കണമെന്ന് ആവശ്യത്തിന് പത്തു വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപടിയില്ല. റോഡ് വീതികൂട്ടി വളവും കയറ്റവും കുറച്ച് മെക്കാഡം ടാറിംഗ് നടത്തിയാൽ ടൂറിസം മേഖലയക്കും മുതൽക്കൂട്ടാകുമെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അധികൃതരുടെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്കും തീർഥാടനകേന്ദ്രമായ കുന്നത്തൂർപാടിയിലേക്കും പോകുന്ന പയ്യാവൂരിൽ നിന്നുള്ള പ്രധാന റോഡാണിത്. വർഷങ്ങളായി ഒരു നവീകരണവും നടത്താത്ത റോഡിൽ വാഹനാപകടങ്ങൾ പതിവാണ്.
ജില്ലയിലെ പ്രധാന ഹിൽ ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ആമിനത്തോട് വരെയാണ് 20 വർഷം മുന്പ് റോഡ് വികസിപ്പിച്ചത്. പയ്യാവൂർ മുതൽ കുന്നത്തൂർ വരെയുള്ള ഭാഗത്ത് പലപ്പോഴായി കുഴിയടക്കൽ ചടങ്ങ് നടക്കാറുണ്ടെങ്കിലും പാടാംകവല മുതൽ കാഞ്ഞിരക്കൊല്ലി വരെ ഒരുപണിയും നടന്നിട്ടില്ല.
വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും മിക്കയിടത്തും സൗകര്യമില്ല. റോഡരികിൽ നടപ്പാതയും ഇല്ല. കെഎസ്ആർടിസി ഉൾപ്പെടെ അഞ്ചു ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ടെങ്കിലും വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം നടപ്പായില്ല. കെ.സി. ജോസഫ് മന്ത്രിയായ കാലത്ത് 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനായി എസ്റ്റിമേറ്റ് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല.
ജനകീയ കമ്മിറ്റി റോഡരികിൽ സ്ഥലമുള്ളവരിൽനിന്ന് സമ്മതപത്രമടക്കം വാങ്ങി നൽകിയിരുന്നു. അടുത്തകാലത്ത് പയ്യാവൂർ പഞ്ചായത്തിനെ ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിൽ സാഗി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി റോഡ് വികസിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല.
കുന്നത്തൂർപാടി ഉത്സവ സീസണിൽ ഇടുങ്ങിയ റോഡിൽ ഗതാഗതതടസം നിത്യസംഭവമാണ്. കുന്നത്തൂരിൽ എത്തുന്ന വാഹനങ്ങൾ ഈ റോഡിന് ഇരുവശവും പാർക്ക് ചെയ്താൽ മറ്റ് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്.