കരിയർ സ്വപ്നങ്ങൾക്ക് വഴികാട്ടി ദിശ എഡ്യുക്കേഷന് എക്സ്പോ
1542492
Sunday, April 13, 2025 7:31 AM IST
കണ്ണൂർ: ദീപിക ദിനപത്രവും തലശേരി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയും (ടിഎസ്എസ്എസ് ) എഡ്യുസ്പാർക്കും സംയുക്തമായി ദിശ എഡ്യുക്കേഷന് എക്സ്പോ കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു.നൂതന വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളോട് അക്കാദമിക്ക് എക്സ്പേർട്ടും കേരളത്തിന്റെ മുൻ ഡിജിപിയുമായിരുന്ന ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് സംസാരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ജോബി കെ. ജോസ് ആമുഖ പ്രഭാഷണം നടത്തി.
പ്ലസ് വൺ, പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് കാത്തിരിക്കുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ആയിരത്തോളം വിദ്യാർഥികൾ എക്സ്പോയിൽ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തമായ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും സ്റ്റാളുകൾ എക്സ്പോയിൽ ഉണ്ടായിരുന്നു. വിദ്യാർഥികൾക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാനും സൗകര്യമുണ്ടായിരുന്നു.
എക്സ്പോയിൽ പങ്കെടുത്ത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രതിനിധികളും സംസാരിച്ചു. തലശേരി അതിരൂപത വൈസ് ചാൻസിലർ ഫാ. സുബിൻ റാത്തപ്പള്ളി, ടിഎസ്എസ് അസോസിയേറ്റ് ഡയറക്ടർ ഫാ. ലൂക്കോസ് മാടശേരി, ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ, ദീപിക സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
വെല്ലുവിളികളെ അതിജീവിച്ച് മുന്നേറണം: മാർ ജോസഫ് പണ്ടാരശേരിൽ
നാം ഇന്ന് ജീവിക്കുന്നത് ആർട്ടിഫിഷ്യൽ റോബോട്ടിക് കാലത്താണെന്നും ലോകം അതിവേഗം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. ഇന്ന് എംപ്ലോയിയെന്ന വാക്ക് ആരും പറയാറില്ല. പകരം സ്റ്റാർട്ടപ്പ്, ഇൻവെസ്റ്റേഴ്സ് എന്നൊക്കെയാണ് അറിയപ്പെടുന്നത്. നിരവധി സാധ്യതകളും അവസരങ്ങളും യുവതലമുറയുടെ മുന്നിലുണ്ട്. എന്നാൽ, ഇവയൊക്കെ നേടാൻ വെല്ലുവിളികളേറെയാണ്.
ഇവയെ അതിജീവിച്ച് വിജയം നേടണമെന്നും മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. ഇന്നത്തെ തലമുറ വിദേശ രാജ്യങ്ങളിലെ ജോലികളിൽ ആകൃഷ്ടരായി പോകുന്നവരാണ്. നമ്മുടെ നാട്ടിൽ ഒരുപാട് സാധ്യതകൾ ഉണ്ടെങ്കിലും അവയൊന്നും ആരും പ്രയോജനപ്പെടുത്താറില്ല. വിദേശരാജ്യങ്ങളിൽ പോയി ജോലി നേടിയാലും പത്ത് വർഷത്തിനകം തിരിച്ച് നാട്ടിലേക്ക് വരാൻ എല്ലാവരും ശ്രമിക്കണമെന്നും മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു.
അഭിരുചിക്കനുസരിച്ചുള്ള കരിയർ കണ്ടെത്തണം: ഡോ. അലക്സാണ്ടർ ജേക്കബ്
ഒരോരുത്തരും അവരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള കരിയർ കണ്ടെത്തണമെന്ന് മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്. നൂതന വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും ജനിക്കുന്പോൾത്തന്നെ കഴിവുകൾ ലഭിച്ചിട്ടുണ്ടാകും. അത് എന്താണെന്ന് കണ്ടെത്തി അതിനനുസരിച്ച് ജീവിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.
പണ്ട് പലർക്കും കഴിവുകൾ ഉണ്ടെങ്കിലും പഠിക്കാനുള്ള സാഹചര്യങ്ങൾ കുറവായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇഷ്ടമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അഭിരുചിക്ക് അനുസരിച്ച് കോഴ്സുകൾ ചെയ്യാൻ സാധിക്കും. ഏതൊരു കോഴ്സ് നമ്മൾ തെരഞ്ഞെടുക്കുമ്പോഴും ഒരു സെക്കൻഡ് ഓപ്ഷൻ നല്ലതാണ്. ഇപ്പോൾ എൻട്രൻസ് എക്സാം എഴുതി കിട്ടിയില്ലെങ്കിൽ അടുത്തത് ഞാൻ എന്ത് ചെയ്യുമെന്ന് മുൻകൂട്ടി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ലാസിനു ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
എവിടെ പോയാലും അറിവ് നേടുകയാണ് പ്രധാനം: ജോബി കെ. ജോസ്
വിദേശരാജ്യങ്ങളിലേക്ക് പോയാൽ രക്ഷപ്പെടാം എന്ന ധാരണയാണ് പലരേയും ആകർഷിക്കുന്നതെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ജോബി.കെ. ജോസ്. ഇവിടെയുള്ളത് മോശമാണ് അതുകൊണ്ട് വിദേശരാജ്യത്തേക്ക് പോകണം എന്ന ചിന്താഗതി മാറ്റേണ്ട സമയം കഴിഞ്ഞു.
എവിടെ നിന്നാലും അറിവ് നേടുകയെന്നതാണ് പ്രധാനം. ഉന്നത വിദ്യാഭ്യാസം നേടിയാൽ തൊഴിൽ നേടുന്നതിന് പ്രാപ്തരായി. കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി സാധ്യതകളാണ് ഇന്നുള്ളത്. ഏത് രാജ്യത്ത് പഠിച്ചാലും അറിവ് നേടുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജെയും മറ്റും കാണിച്ച് നിങ്ങളെ ആകൃഷ്ടരാക്കാൻ നിരവധി കോളജുകൾ ഉണ്ടായിരിക്കും. എന്നാൽ, നമ്മൾക്ക് ശരിയായ അറിവ് എവിടുന്നാണോ കിട്ടുന്നതെന്ന് നോക്കിവേണം വൈബുകൾ തേടാനെന്നും അദ്ദേഹം പറഞ്ഞു.