വിവാഹ വാഗ്ദാനം നല്കി പീഡനം, സാന്പത്തിക തട്ടിപ്പ്: യുവാവിനും വീട്ടുകാർക്കുമെതിരേ കേസ്
1542480
Sunday, April 13, 2025 7:25 AM IST
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കിയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെയും കൂടാതെ യുവതിയുടെ വാഹനം കൈക്കലാക്കി ലോൺ വച്ച് പണം വാങ്ങിയ സംഭവത്തിൽ രണ്ടുപേർക്കെതിരെയും കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയായ മുപ്പത്തിനാലുകാരിയുടെ പരാതിയിലാണ് എടച്ചൊവ്വയിലെ സവാൻ, അച്ഛൻ വസന്തൻ, സഹോദരൻ സാരംഗ് എന്നിവർക്കെതിരേ കേസെടുത്തത്.
ഒന്നാം പ്രതിയായ സവാൻ 2024 ജനുവരിയിൽ ദുബായിൽ വച്ച് യുവതിയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. 2024 ഓഗസ്റ്റ് നാലുമുതൽ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണു പരാതി. കൂടാതെ ബിസിനസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ പക്കൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇതിനിടെ വസന്തൻ, സാരംഗ് എന്നിവരുടെ സഹായത്തോടെ സവാൻ യുവതിയുടെ വാഹനം കള്ള ഒപ്പിട്ട് കൈക്കലാക്കുകയും വാഹനത്തിന്റെ ആർസി വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്തതായും പറയുന്നു.