ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മൂന്നുപേർക്കു പരിക്ക്
1542551
Sunday, April 13, 2025 11:55 PM IST
തൊണ്ടിയിൽ: തൊണ്ടിയിൽ-തെറ്റുവഴി റോഡിൽ ബൈക്കും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ആനയാണ്ടകരിയിലെ വെന്പള്ളിക്കുന്നേൽ മനു ജോസഫ് (23) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. ഓട്ടോറിക്ഷയെ മറികടന്നെത്തിയ കാർ എതിർദിശയിൽനിന്ന് വരികയായിരുന്ന മനു ഓടിച്ചിരുന്ന ബൈക്കിലിടിച്ചായിരുന്നു അപകടം. കാർ വെട്ടിച്ചുമാറ്റുന്നതിനിടെ ഓട്ടോയിലും ഇടിച്ചു.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. റോഡിലക്ക് തെറിച്ചുവീണ മനു ജോസഫിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഉടൻ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വെമ്പള്ളിക്കുന്നേൽ ജോണി -ബെറ്റി ദമ്പതികളുടെ മകനാണ്. അനു ഏക സഹോദരിയാണ്. ജെസിബി ഡ്രൈവറാണ് മരിച്ച മനു ജോസഫ്.
അപകടത്തിൽ ആനയാണ്ടങ്കരി സ്വദേശിയായ കാർ ഡ്രൈവർ ടോമി, ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രമ്യ ദേവി, ബിജു സെബാസ്റ്റ്യൻ എന്നിവർക്കും പരിക്കേറ്റു. ടോമിയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും, രമ്യ ദേവിയെ പേരാവൂർ രശ്മി ആശുപത്രിയിലും പ്രവേശിപ്പിച്ചു.