മ്യൂസിയം ചരിത്രവസ്തുതകൾ കൊണ്ട് നുണകളെ നേരിടുന്ന വിജ്ഞാനശാല: മുഖ്യമന്ത്രി
1542584
Monday, April 14, 2025 1:53 AM IST
കണ്ണൂർ: യഥാർഥ ചരിത്രവസ്തുതകൾ കൊണ്ട് നുണകളെ നേരിടാൻ നമ്മെ പ്രാപ്തമാക്കുന്ന വിജ്ഞാനശാലയാണ് മ്യൂസിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മക്രേരി ശ്രീ സുബ്രഹമണ്യസ്വാമി ക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവര സാങ്കേതിക വിദ്യയുടെ യുഗമാണ് ഇത്.
അറിവുകൾ വേഗത്തിൽ പകർന്നു നൽകപ്പെടുന്നു. നുണകളും ഇക്കാലത്ത് അതിവേഗതയിലാണ് പ്രചരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മ്യൂസിയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് സ്റ്റേറ്റ് ഫണ്ട് മുഖേനയും കിഫ്ബി സാമ്പത്തിക വകയിരുത്തല്‍ പ്രകാരവും പൂര്‍ത്തീകരിച്ച ഊട്ടുപുര, ദക്ഷിണമൂർത്തി സ്വാമികളുടെ ഓർമകൾ പകരുന്ന സോപാന സംഗീത മ്യൂസിയം, മ്യൂസിയം കെട്ടിടം, ലാന്‍ഡ് സ്കേപ്പിംഗ്, ചുറ്റമ്പലം ടൈല്‍ പാകല്‍, കല്ല് പാകല്‍, കുളം നവീകരണം, ടോയ്ലറ്റ് സംവിധാനങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
മേയ് ഒന്നുമുതൽ പൊതുജനങ്ങൾക്ക് മ്യൂസിയം തുറന്നു കൊടുക്കും.മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ.വി. ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. ചന്ദ്രന്‍പിള്ള, കെഐഐഡിസി ചീഫ് എൻജിനിയര്‍ പ്രകാശ് ഇടിക്കുള എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.