സാമൂഹ്യ പെൻഷൻ സർക്കാർ ആഘോഷ പെൻഷനാക്കി: മേയർ മുസ്ലിഹ് മഠത്തിൽ
1542487
Sunday, April 13, 2025 7:25 AM IST
കണ്ണൂർ: ഭിന്നശേഷിക്കാർക്കടക്കം സാമൂഹ്യ പെൻഷൻ നല്കാനെന്നു പറഞ്ഞു പെട്രോളിനും മറ്റും സെസ് ഏർപ്പെടുത്തി മുടങ്ങാതെ പണം പിരിച്ചെടുക്കുന്ന സർക്കാർ കൃത്യമായി പെൻഷൻ നല്കാതെ വിഷുവിനും പെരുന്നാളിനും ക്രിസ്മസിനും നല്കുന്ന ആഘോഷ പെൻഷനാക്കി അതിനെ ചുരുക്കി യെന്ന് മേയർ മുസ്ലിഹ് മഠത്തിൽ ആരോപിച്ചു. ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡിഎപിഎൽ) കണ്ണൂർ സിഎച്ച് സെന്റിറിൽ സംഘടിപ്പിച്ച ജില്ലാ കൺവൻഷനും നിരാമയ ഇൻഷ്വറൻസ് രജിസ്ട്രേഷൻ ക്യാന്പും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു മാസത്തിലധികമായി തുഛമായ വേതന വർധനവിന് വേണ്ടി വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ദുർബലരായ സ്ത്രീകളെ തിരിഞ്ഞു നോക്കാത്ത സർക്കാർ ലക്ഷങ്ങൾ പറ്റുന്ന പിഎസ്സി മെംബർമാർക്കും ഒരു പണിയും ചെയ്യാത്ത ഡൽഹിയിലെ കേരളാ പ്രതിനിധി കെ.വി. തോമസിനും വേതനം ലക്ഷങ്ങൾ വർധിപ്പിച്ചുകൊടുത്തുകൊണ്ട് ദുർബലരെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും മേയർ പറഞ്ഞു.
ഡിഎപിഎൽ ജില്ലാ വൈസ് പ്രസിഡന്റ് ഉമർ വിളക്കോട് അധ്യക്ഷ വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി മുഖ്യ പ്രഭാഷണവും അംഗത്വ വിതരണവും നടത്തി. യുഡിഐഡി കാർഡിന്റെ ആദ്യ അപേക്ഷ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. താഹിർ സ്വീകരിച്ചു.