കടുവാ ഭീതിയിൽ എടപ്പുഴ അംബേദ്കർ സങ്കേതം
1497531
Wednesday, January 22, 2025 7:57 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ആദിവാസി സങ്കേതങ്ങളിൽ ഒന്നായ എടപ്പുഴ അംബേദ്കർ സങ്കേതം കടുവാ ഭീതിയിൽ. ഇന്നലെ പുലർച്ചെ മൂന്നോടെ കടുവയുടെ അലർച്ച കേട്ടതായി സങ്കേതത്തിലെ താമസക്കാർ പറഞ്ഞു. നേരം പുലർന്ന് പത്തിന് ശേഷമാണ് പ്രദേശവാസികൾ വീടുവിട്ടിറങ്ങിയത്.കേരള വനാതിർത്തിയോട് ചേർന്ന് പശ്ചിമഘട്ട മലനിരകൾക്ക് ചെരുവിൽ വളരെ ഉയർന്ന പ്രദേശത്താണ് സങ്കേതം സ്ഥിതിചെയ്യുന്നത്.
40 ഓളം കുടുംബങ്ങളാണ് ഇവിടെ വർഷങ്ങളായി താമസിച്ചു വരുന്നത്. മഴക്കാലം ശക്തമാകുന്നതോടെ ഉരുൾപൊട്ടൽ ഭീഷണി അടക്കം നേരിടുന്ന സങ്കേതത്തിലെ താമസക്കാർക്ക് കടുവയുടെ ഭീഷണി കൂടി ഉയർന്നതോടെ കടുത്ത ആശങ്കയിലാണ്. കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം കയറിച്ചെല്ലാൻ കഴിയുന്ന കുത്തനെ കയറ്റവും വളവും നിറഞ്ഞ വഴിയിലൂടെ വേണം സങ്കേതത്തിൽ എത്തിച്ചേരാൻ.
കടുവയുടെ സാന്നിധ്യം കോളനി നിവാസികൾ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വനത്തിനുള്ളിൽ നിന്നാവും വന്യമൃഗത്തിന്റെ അലർച്ച കേട്ടതെന്നും പൊതുവെ കടുവകൾ ഇണചേരുന്ന സീസൺ ആരംഭിച്ചതുകൊണ്ട് വന്യമൃഗത്തിന്റെ സാന്നിധ്യം തള്ളിക്കളയാൻ കഴിയില്ലെന്നുമാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും പകൽ സമയത്ത് ഉൾപ്പെടെ വനത്തിനോട് ചേർന്നുള്ള സഞ്ചാരം ഒഴിവാക്കണമെന്നും രാത്രിയിൽ വീട് വിട്ട് വെളിയിൽ ഇറങ്ങാതെ ശ്രദ്ധിക്കണമെന്നും വളർത്തുമൃഗങ്ങളെ കൂടുകളിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
പ്രദേശം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിതാന്നി, സെലീന ബിനോയി, ജോസഫ് വട്ടുകുളം എന്നിവർ സന്ദർശിച്ചു.