തളിപ്പറന്പിൽ നിന്ന് ക്രെയിൻ കടത്തി കൊണ്ടു പോയവർ റിമാൻഡിൽ
1497513
Wednesday, January 22, 2025 7:57 AM IST
തളിപ്പറമ്പ്: ദേശീയപാത നിർമാണത്തിനായി കരാർ കന്പനി വാടകയ്ക്കെടുത്ത് എത്തിച്ച ക്രെയിൻ രാത്രിയിൽ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ ക്രെയിൻ ഉടമയും സഹായിയും റിമാൻഡിൽ. ഇന്നലെ കോട്ടയം രാമപുരത്ത് വച്ച് തളിപ്പറന്പ് പോലീസ് അറസ്റ്റ് ചെയ്ത ക്രെയിൻ ഉടമ പൊൻകുന്നം സ്വദേശി ബിബിൻ മാർട്ടിൻ (24), സഹായി മാർട്ടിൻ ജോസഫ് (24) എന്നിവരെയാണ് തളിപ്പറന്പ് കോടതി റിമാൻഡ് ചെയ്തത്.
ദേശീയപാത നിർമാണ കന്പനി ഇക്കഴിഞ്ഞ 18 വരെ ഉപയോഗിച്ചിരുന്ന ക്രെയിൻ 19ന് രാവിലെയാണ് കാണാതായത്. സൈറ്റ് എൻജിനിയർ സൂരജ് സുരേഷ് ക്രെയിൻ കാണാഞ്ഞതിനെ തുടർന്ന് മോഷണം പോയതായി കാണിച്ച് തളിപ്പറന്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടന്നു വരുന്നതിനിടെയാണ് രാമപുരം പോലീസ് ക്രെയിൻ കണ്ടെത്തുന്നതും രണ്ടു പേരെ കസ്റ്റഡിയിലെടുത്തതും.
ബിബിന്റെ ഉടമസ്ഥതയിലുള്ള ക്രെയിൻ ദേശീയപാത നിർമാണ കന്പനി വാടകയക്കെടുത്ത് ഉപയോഗിക്കുന്നതിനിടെ തുടർന്ന് അപകടത്തിൽ പെട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള നഷ്ടപരിഹാരം സംബന്ധിച്ച തർക്കമാണ് ക്രെയിൻ കടത്തിക്കൊണ്ടു പോകാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.