കണ്ണൂർ രൂപത ബൈബിൾ കൺവൻഷന് ഇന്ന് തിരിതെളിയും
1497522
Wednesday, January 22, 2025 7:57 AM IST
പിലാത്തറ: കണ്ണൂർ രൂപതയുടെ 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിൾ കൺവൻഷന് പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ വേദിയിൽ ഇന്ന് തിരിതെളിയും. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്ന ദിവ്യബലിയോടെയാണു കൺവൻഷൻ ആരംഭിക്കുന്നത്.
രൂപതയിലെ വൈദികർ ദിവ്യബലിയിൽ സഹകാർമികരാകും.26 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമുതൽ രാത്രി 9.30 വരെയാണ് കൺവൻഷൻ നടക്കുന്നത്. സുപ്രസിദ്ധ വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിലും ടീമുമാണ് കൺവൻഷൻ നയിക്കുന്നത്. വിവിധ ഇടവകകളിൽ നിന്നും വാഹനങ്ങൾ ക്രമീകരിച്ചതായും കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായും ജനറൽ കൺവീനർ ഫാ. ബെന്നി മണപ്പാട്ട്, ഫാ. പ്രിൻസ് നെല്ലരിയിൽ, ജോസ് ക്രിസ്റ്റഫർ, കെ.ജി. വർഗീസ്, വിജയകുമാർ, ഫെലിക്സ് ജോർജ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.