ആറളം ഫാമിൽ കാട്ടാന ഷെഡും പട്ടിക്കൂടും തകർത്തു
1497530
Wednesday, January 22, 2025 7:57 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ ലോട്ടറി വില്പന നടത്തുന്ന ബിനുവിന്റെ വീട്ടുമുറ്റത്തെ ഷെഡും പട്ടിക്കൂടും കാട്ടാന തകർത്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ബിനുവിന്റെ വീടിനു സമീപത്തെ കൃഷിയും കാട്ടാനകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ബ്ലോക്ക് 13 ലെ വീട്ടുമുറ്റത്ത് എത്തിയ ആന വ്യപകമായി നാശം വിതച്ചിരുന്നു. ആർആർടി എത്തിയാണ് ആനയെ ഇവിടെ രാത്രിയിൽ തുരത്തിയത്. കഴിഞ്ഞ ദിവസം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളെ ആന ഓടിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ഇവർക്ക് വീണുപരിക്കേറ്റിരുന്നു.
മാസങ്ങളായി നിലച്ചിരുന്ന ആനമതിൽ നിർമാണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. 53 കോടി രൂപയുടെ ആനമതിൽ നിർമാണം നിലച്ചത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. 10.50 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന ആനമതിലിന്റെ 18 മാസം നിർമാണ കാലാവധി കഴിഞ്ഞിട്ടും മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് പൂർത്തിയായിരിക്കുന്നത്.