കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
1497524
Wednesday, January 22, 2025 7:57 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചീമേനി സ്വദേശി എം. അഖിൽ(32), അഴീക്കൽ സ്വദേശി പി.വി. അനസ് (24) എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്പതിനു രാവിലെ 9.05 നും 17ന് രാവിലെ ആറിനും ഇടയിലാണ് മോഷണം നടന്നത്.
ഇടുക്കി സ്വദേശിയായ അഫസൽ റഹ്മാന്റെ കെഎൽ 65 എച്ച് 4641 നമ്പർ ഹോണ്ട യുണികോൺ ബൈക്കാണ് മോഷണം പോയത്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ റോഡരികിൽ ബൈക്ക് നിർത്തി അഫ്സൽ വീട്ടിലേക്ക് പോയി 17 ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് ബൈക്ക് കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകായിരുന്നു.
പോലീസ് കേസെടുത്ത് സിസിടിവി അടക്കമുള്ളവ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്നാണ് പ്രതികൾ പിടിയിലാകുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിരവധി മോഷണ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു.