പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഭീഷണി: അബിൻ വർക്കിക്കെതിരേ കേസ്
1489836
Tuesday, December 24, 2024 11:42 PM IST
കണ്ണൂർ: പത്രസമ്മേളനം വിളിച്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കുകയും ഇത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെ കണ്ണൂരിൽ കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കെതിരേയാണ് ടൗൺ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ ഡിസിസി ഓഫീസിലായിരുന്നു അബിൻ വർക്കി വിവാദപത്രസമ്മേളനം നടത്തിയത്. പി.ശശി പറയുന്നത് കേട്ട് കെഎസ്യുക്കാരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന പോലീസുകാരെ തെരുവിൽ യൂത്ത് കോൺഗ്രസ് കൈകാര്യം ചെയ്യുമെന്നും കണ്ണൂരിൽ കെഎസ്യുക്കാരെ എസ്എഫ്ഐയോടൊപ്പം പോലീസും വേട്ടയാടുകയാണെന്നുമുള്ള ആരോപണവും ഉയർത്തിയിരുന്നു. പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് ഇറങ്ങും. ശക്തമായ തിരിച്ചടിയുണ്ടാകും.
കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്തും കണ്ണൂർ എസിപി ടി.കെ. രത്നകുമാറും കേൾക്കാൻ വേണ്ടി തന്നെയാണ് ഈ കാര്യം പറയുന്നത്. ഈ കാര്യത്തിൽ കേസൊന്നും ഒരു പ്രശ്നമല്ല. എപ്പോഴും പി.ശശി കേരളം ഭരിക്കുമെന്ന പ്രതീക്ഷ ഇവർക്ക് വേണ്ട. കണ്ണൂർ പണ്ടത്തെ കണ്ണൂരൊന്നുമല്ലെന്ന് ഓർക്കണം. ഇവനൊന്നും സർക്കാർ പെൻഷൻ വാങ്ങി വീട്ടിലിരിക്കില്ല. എസിപി ഏതെങ്കിലും സിപിഎം ഓഫീസിൽനിന്നും കിട്ടുന്ന നക്കാപ്പിച്ച പെൻഷൻ വാങ്ങി കഴിയേണ്ടി വരും. പോലീസിന്റെ സാന്നിധ്യത്തിൽ എസ്എഫ്ഐക്കാർ കെഎസ്യു പ്രവർത്തകരെ ആക്രമിക്കുകയാണ്. ഇത് ഇനി കണ്ടു നിൽക്കാനാകില്ല. കാന്പസുകളിൽ കെഎസ്യുവിന്റെ വസന്തകാലം വരുന്നത് തടയാൻ പോലീസിനെ ഉപയോഗിക്കുകയാണ്. എസ്എഫ്ഐയെ രാഷ്ട്രീയമായി ഞങ്ങൾ കാലാകാലങ്ങളായി പ്രതിരോധിക്കുന്നുണ്ട്. ഇനി പോലീസിനെ തെരുവിൽ നേരിടുമെന്നും എന്നതടക്കമുള്ള വിവാദ പരാമർശങ്ങൾ അബിൻ വർക്കി പത്രസമ്മേളത്തിൽ നടത്തിയിരുന്നു. ഇതിനെതിരെയാണ് പോലീസ് കേസെടുത്തത്.