പെര്‍ളയിൽ വന്‍ തീപിടിത്തം; 10 കടകള്‍ കത്തിനശിച്ചു
1489380
Monday, December 23, 2024 3:54 AM IST
പെര്‍ള: പെര്‍ള ടൗണില്‍ വന്‍ തീപിടിത്തം. 10 കടകള്‍ കത്തി നശിച്ചു. 2,64,75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍ഗോഡ്, ഉപ്പള, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ചു യൂണിറ്റ് ഫയര്‍ യൂണിറ്റുകള്‍ ബദിയടുക്ക പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഏഴു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ശനിയാഴ്ച രാത്രി 11.30ഓടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ബദിയഡുക്ക-പുത്തൂര്‍ റോഡിന്റെ ഇടതുവശത്തുള്ള ഗോപിനാഥ പൈയുടെ ഉടമസ്ഥതയിലുള്ള പൈ ബില്‍ഡിംഗ് എന്ന ഓടിട്ട കെട്ടിടത്തിലായിരുന്നു തീപിടിത്തം.
പ്രവീണ്‍കുമാര്‍ പൈയുടെ ഓട്ടോമൊബൈല്‍ ഷോപ്പ്, ബജക്കൂടലു ജയദേവ ബാളിഗയുടെ ഉടമസ്ഥതയിലുള്ള കൂള്‍ബാര്‍, നാരായണ പൂജാരിയുടെ ഉടമസ്ഥതയിലുള്ള ഫാന്‍സി സ്റ്റോര്‍, പെര്‍ളയിലെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റൈല്‍ ഷോപ്പ്, കെട്ടിട ഉടമ ഗോപിനാഥ പൈയുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ കട, പെര്‍ള ബജകുഡ്ലുവിലെ സഞ്ജീവ നായക്കിന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് കട, പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കട എന്നിവയാണ് പൂര്‍ണമായും കത്തി നശിച്ചത്. ഓട്ടോമൊബൈല്‍ ഷോപ്പ് ഉടമ പ്രവീണ്‍ പൈക്ക് മാത്രം ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഫാന്‍സി സ്റ്റോര്‍ ഉടമ നാരായണ പൂജാരി രണ്ടുദിവസം മുമ്പാണ് ഒന്നരലക്ഷം രൂപ മുടക്കി ഫോട്ടോസ്റ്റാറ്റ് മെഷീന് വാങ്ങിവച്ചത്.
ഇന്നലെ രാവിലെ 6.30ഓടെയാണ് ഫയര്‍ ഓഫീസര്‍ ഹര്‍ഷയുടെ നേതൃത്വത്തില്‍ തീപിടിത്തം പൂര്‍ണമായും അണച്ചത്. ഉപ്പളയില്നിന്നുള്ള യൂണിറ്റാണ് ആദ്യമെത്തിയത്.
വെള്ളം തികയാതെ വന്നപ്പോള്‍ നാട്ടുകാര്‍ വെള്ളം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. തീപിടിത്തത്തിന്റെ ഗൗരവം മനസിലായതോടെ കൂടുതല്‍ യൂണിറ്റുകള്‍ എത്തിച്ചേരുകയായിരുന്നു. 30 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. സംഭവത്തില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.