ചന്ദനക്കാംപാറയിലെ കാട്ടാനക്കൂട്ടത്തെ തുരത്താൻ ദ്രുതകർമസേന ഇന്നെത്തും
1489383
Monday, December 23, 2024 3:54 AM IST
ചന്ദനക്കാംപാറ: ചന്ദനക്കാംപാറയിലെത്തിയ കാട്ടാനക്കൂട്ടത്തെ വനംവകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമസേന ഇന്ന് കാടുകയറ്റാനുള്ള നടപടികൾ ആരംഭിക്കും. സാമൂഹ്യവിരുദ്ധർ തൂക്കുവേലി മുറിച്ച് മാറ്റിയ സ്ഥലത്തുകൂടെയാണ് കഴിഞ്ഞ ദിവസം ആറംഗകാട്ടാനക്കൂട്ടം ഇവിടേക്ക് എത്തിയത്. ഇതിൽ നാല് കാട്ടാനകൾ ചന്ദനക്കാംപാറ ചെറുപുഷ്പം പള്ളി പരിസരം വരെ എത്തിയിരുന്നു. പയ്യാവൂർ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ഭാഗത്താണ് കാട്ടാനകൾ എത്തിയിരിക്കുന്നത്. കാട്ടാനകളെ തുരത്താൻ ശ്രീകണ്ഠപുരം സെക്ഷനിലെ വനപാലകർ രാത്രിയും പരിശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. രാത്രി ഡ്രോൺ ഉപയോഗിച്ചും പടക്കം പൊട്ടിച്ചും മറ്റും തുരത്താൻ ശ്രമിച്ചുവെങ്കിലും കാട്ടാനകൾ തൂക്കു വേലിക്ക് അകത്തായി തന്പടിച്ചിരിക്കുകയാണ്.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഡിഎഫ്ഒ പി. വൈശാഖിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു കാട്ടാനകളെ ദ്രുതകർമസേനയുടെ സഹായത്തോടെ കർണാടക വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കമാരംഭിച്ചത്. പ്രദേശത്ത് ഉള്ളവർക്ക് പയ്യാവൂർ പഞ്ചായത്ത് ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്. തൂക്കുവേലി ഉദ്ഘാടനം ചെയ്ത ശേഷം പലയിടത്തും സാമൂഹ്യ വിരുദ്ധർ തൂക്കുവേലി തകർത്തത് അതീവ ഗൗരവമുള്ള വിഷയമാണ്.
തൂക്കുവേലി തകർക്കുന്നവരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കാട്ടാനയിറങ്ങിയതിനാൽ പാടാംകവല, ചീത്തപ്പാറ, കൻമദപ്പാറ ഭാഗങ്ങളിൽ രാത്രിയാത്ര പലരും ഒഴിവാക്കിയിരിക്കുകയാണ്. അഞ്ചു മാസം മുമ്പ് കാഞ്ഞിരക്കൊല്ലി ഭാഗത്തും കാട്ടാനകളെത്തിയിരുന്നു. പാടാംകവല, ചീത്തപ്പാറ, കന്മദപ്പാറ പ്രദേശത്ത് ദിവസങ്ങളോളമാണ് ജനങ്ങളെ ഭീതിയിലാക്കി കഴിഞ്ഞു പോന്നത്.