സ്ത്രീ സൗഹാർദ ഹിൽ ടൂറിസം ഡെസ്റ്റിനേഷനാകാൻ പൈതൽമല
1489826
Tuesday, December 24, 2024 11:42 PM IST
കണ്ണൂർ: ടൂറിസം മേഖലയിൽ പുത്തൻ ചുവടുവയ്പുമായി പൈതൽമല. കേരളത്തിലെ സ്ത്രീ സൗഹാർദ ഹിൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാകാൻ പൈതൽമലയും സമീപ ടൂറിസം കേന്ദ്രങ്ങളും ഒരുങ്ങുന്നു. പൈതൽമല, പാലക്കയംതട്ട്, കാപ്പിമല തുടങ്ങി ഇരിക്കൂറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ സ്ത്രീ സൗഹാർദ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സ്ത്രീകൾ മാത്രമടങ്ങുന്ന യാത്രാസംഘങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനും താമസിക്കു ന്നതിനും ഫിഷിംഗ്, ട്രക്കിംഗ് ഉൾപ്പെടയുള്ള യാത്രാനുഭവങ്ങൾ നുകരുന്നതിനുമുള്ള വേദിയൊരു ക്കുകയാണ് ലക്ഷ്യം.
ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് മുൻകൈയെടുത്തു നടത്തുന്ന ശ്രമമാണ് ലക്ഷ്യത്തിലേക്ക് എത്തുന്നത്. സ്ത്രീ സംരംഭകരുടെ രാജ്യത്തെ ആദ്യസംഘടനായ വിമൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി സംഘം ജനുവരി അഞ്ചിന് ഇതു സംബന്ധിച്ച് ഇരിക്കൂറിൽ സജീവ് ജോസഫുമായി ചർച്ച നടത്തും.
ടൂറിസം മേഖലയിലെ വനിതാസംരംഭകരും സസ്റ്റൈനബിൾ ടൂറിസം സ്റ്റാർട്ടപ്പ് ഉടമകളും വിമൻ ഒൺലി ടൂർ ഓപ്പറേറ്റർമാരും വിമൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി സംഘത്തിലുണ്ട്. ഇരിക്കൂറിലെ ടൂറിസം മേഖലയിൽ നിന്നുള്ളവരും ചർച്ചയിൽ പങ്കെടുക്കും. ഭാവിയിൽ പൈതൽമല മേഖലയിലേക്ക് സഞ്ചാര പ്രേമികളായ സ്ത്രീകളെ എത്തിക്കുന്നതിന് വിമൻ ചേംബർ മുൻകൈ എടുക്കും. പൈതൽമല -വിമൻ സേഫ്റ്റി ഡെസ്റ്റിനേഷൻ എന്ന കാന്പയിനും സംഘടന ഏറ്റെടുത്ത് നടത്തും. മാറിയ ലോകക്രമത്തിൽ ഒറ്റയ്ക്ക് സഞ്ചരിയ്ക്കുന്നസ്ത്രീകളുടെയും സ്ത്രീകൾ മാത്രമായുള്ള സഞ്ചാരഗ്രൂപ്പുകളും എണ്ണം വർധിച്ചു വരികയാണ്. ഇന്ത്യയിലെ സുപ്രധാന ടൂറിസം കേന്ദ്രങ്ങളൊക്കെ സ്ത്രീ സൗഹാർദ ഡെസ്റ്റിനേഷനുകളാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
വിമൻ ചേംബർ ഓഫ് കൊമേഴ്സ്
സ്ത്രീ സംരംഭകർ മാത്രമുള്ള രാജ്യത്തെ ആദ്യ ട്രേഡ് ബോഡിയാണ് വിമൻ ചേംബർ ഓഫ് കൊമേഴ്സ്. കോൺ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ അഫിലിയേഷനുള്ള സംഘടനായ ഡബ്ല്യുസിസിയിൽ സ്ത്രീ സംരംഭകർ, പ്രഫഷനലുകൾ, ടൂർ ഓപ്പറേറ്റർമാർ, സ്റ്റാർട്ടപ്പ് മേധാവികൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അംഗങ്ങളാണ്.
ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി -ടെക് സ്റ്റാർട്ടപ്പ് ഡയറക്ടറായ ബിന്ദു മിൽട്ടൺ പ്രസിഡന്റും വെസ്റ്റ് മൗണ്ട് കോഫി ഉടമ എം.ഡി. ശ്യാമള സെക്രട്ടറിയുമായ ഡബ്ല്യുസിസി സംഘമാണ് പൈതൽ മലയിലെത്തുന്നത്.