ദീപികയിൽ ക്രിസ്മസ് ആഘോഷം
1489718
Tuesday, December 24, 2024 6:50 AM IST
കണ്ണൂർ: എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്നും ബന്ധങ്ങളുടെ ശൃംഖലയിൽ മാത്രമേ ക്രിസ്മസിന്റെ സന്തോഷം ലഭിക്കൂവെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ദീപിക കണ്ണൂർ യൂണിറ്റിന്റെ ക്രിസ്മസ് ആഘോഷം "ഗ്ലോറിയ -2024' ൽ അധ്യക്ഷത വഹിച്ച് ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്.
നല്ല ബന്ധങ്ങളുടെയും കൂട്ടായ്മയുടെയും സഹകരണത്തിന്റെയും വിജയമാണ് ദീപികയുടെ കരുത്ത്. അച്ചടിമാധ്യമങ്ങൾ ഇന്ന് പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ പ്രതിസന്ധികളെ തരണം ചെയ്ത് ദീപിക ഇപ്പോഴും ശക്തമായി മുന്നോട്ട് പോകുന്നു എന്നത് അഭിമാനകരമായ നേട്ടമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കണ്ണൂർ അഡീഷണൽ എസ്പി കെ.വി. വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. നാട്ടിൽ ശാന്തതയും സമാധാനവും സൃഷ്ടിക്കാൻ പോലീസ് മാത്രം വിചാരിച്ചാൽ പോരെന്നും എല്ലാവരും കൂട്ടായ പ്രവർത്തനം നടത്തണമെന്നും വേണുഗോപാൽ പറഞ്ഞു.
കണ്ണൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ. മാത്യു നരിക്കുഴി, ദീപിക റസിഡന്റ് മാനേജർ ഫാ.ജോബിൻ വലിയപറമ്പിൽ, കണ്ണൂർ സാൻജോസ് പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ടെസ മാനുവേൽ എംഎസ്എംഐ, മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. അനൂപ് ചിറ്റേട്ട്, ദീപിക ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് അസി. ജനറൽ മാനേജർ ബിനോയ് ജോസഫ്, ദീപിക സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ, മാർക്കറ്റിംഗ് അസി. ജനറൽ മാനേജർ ജോസ് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. റെക്സി എം. ഐപ്പ്, മീനാക്ഷി ജയ്ദീപ് എന്നിവർ കരോൾ ഗാനം ആലപിച്ചു.