ചീമേനിയിൽ ആണവനിലയം; പ്രതിഷേധം ശക്തമാകുന്നു
1489835
Tuesday, December 24, 2024 11:42 PM IST
ചീമേനി: വൻകിട വികസനപദ്ധതികളുടെയെല്ലാം കാര്യത്തിൽ പ്രതീക്ഷ നൽകി കൈയൊഴിഞ്ഞ ചീമേനിയിൽ ആണവനിലയം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കേരളത്തിലെ ജനസാന്ദ്രത കൂടിയ ഗ്രാമങ്ങളില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം കോര്‍പറേറ്റ് കമ്പനികളുടെയും ഭരണകൂടത്തിന്റെയും ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്ന് കൂടംകുളം ആണവനിലയ വിരുദ്ധ പ്രക്ഷോഭം നയിച്ച എസ്.പി. ഉദയകുമാര്‍ പറഞ്ഞു. ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ചീമേനി വ്യാപാരി ഭവനില്‍ വിളിച്ചുചേര്‍ത്ത ബഹുജന കണ്വന്ഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആണവനിലയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ നൽകണം. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒട്ടും സുതാര്യമല്ലാതെ ജനങ്ങളുടെ മേല്‍ ഇത്തരം പദ്ധതികൾ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉദയകുമാര്‍ പറഞ്ഞു. ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എന്‍. സുബ്രഹ്മണ്യന്, കെ. രാമചന്ദ്രന്, ടി.വി. രാജേന്ദ്രന്, എ. ജയരാമന്, വി.കെ. രവീന്ദ്രന്, വിനോദ് രാമന്തളി, മുരളി, കെ. രാജന്, ടി.വി. ഉമേശന്, ടി.എം. സുസ്മിത എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് 105 ഏക്കര്‍ സ്ഥലം കണ്ടെത്തി നല്കിയാല് ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആണവനിലയം അനിവാര്യമാണെന്ന് നേരത്തേ കെഎസ്ഇബിയും റിപ്പോർട്ട് നൽകിയിരുന്നു. അതിരപ്പിള്ളിയും ചീമേനിയുമായിരുന്നു ആണവനിലയം സ്ഥാപിക്കുന്നതിനായി കെഎസ്ഇബി നിർദേശിച്ച സ്ഥലങ്ങൾ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾക്കിടെ വിനോദസഞ്ചാര വികസന പദ്ധതികൾ നടപ്പാക്കുന്നതിനാൽ അതിരപ്പിള്ളിയെ ഒഴിവാക്കണമെന്ന് തൃശൂർ എംപിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പരിഗണന ചീമേനിയിൽ മാത്രമായി ചുരുങ്ങിയത്.
എല്ലാ വഴിക്കുമുള്ള കടുത്ത എതിർപ്പുകൾ മറികടന്ന് ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാൻ വിഷമമാണെന്ന് തിരിച്ചറിഞ്ഞതോടെ നിലയം സ്ഥാപിക്കുന്നത് സംസ്ഥാനത്തിന് പുറത്തായാലും അതിനാവശ്യമായ തോറിയം നൽകാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ആണവനിലയം എവിടെ സ്ഥാപിക്കാനൊരുങ്ങിയാലും എതിർപ്പുകളുണ്ടാകുമെന്നും കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരദേശത്തുനിന്ന് തോറിയം ഖനനം ചെയ്തെടുക്കുന്ന കാര്യത്തിലും കടുത്ത എതിർപ്പുകൾ നേരിടേണ്ടിവരുമെന്നും വ്യക്തമാണ്.