കാര്യങ്കോട് പുഴയിലെ കർണാടക അടയാളം: റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്തി
1489720
Tuesday, December 24, 2024 6:50 AM IST
ചെറുപുഴ: കേരള-കർണാടക അതിർത്തിയിൽ കാര്യങ്കോട് പുഴയിൽ കർണാടക വനംവകുപ്പ് പാറയിൽ അടയാളം രേഖപ്പെടുത്തിയത് റവന്യൂ ഉദ്യോഗസ്ഥർ പരിശോധിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാര്യങ്കോട് പുഴയിലെ കല്ലുകളിൽ രേഖപ്പെടുത്തിയ അടയാളങ്ങളാണ് പരിശോധിച്ചത്. കാര്യങ്കോട് പുഴയും പുഴയുടെ പുറമ്പോക്കും കേരളത്തിന്റേതാണ്.
എന്നാൽ കർണാടക വനംവകുപ്പ് പല തവണയായി കല്ലുകൾ കുഴിച്ചിട്ടും അടയാളങ്ങൾ സ്ഥാപിച്ചും അതിർത്തിയിൽ കടന്നുകയറ്റം നടത്തുകയാണ്. പുഴ ഉള്‍പ്പെടെ കേരളത്തിന്റെ റവന്യൂ ഭൂമി കൈവശപ്പെടുത്താനാണ് കര്‍ണാടക വനംവകുപ്പിന്റെ നീക്കം. ഇതിനെ ചെറുക്കാൻ കേരളത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു ശ്രമവും ഉണ്ടായിട്ടില്ല. സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ നടപടികൾ അവസാനിക്കുകയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ണാടക വനവുമായി അതിര്‍ത്തി പങ്കിടുന്ന ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി റവന്യൂവില്‍ താമസിക്കുന്ന 14 കുടുംബങ്ങള്‍ക്ക് ഭൂമിയില്‍ അവകാശമുന്നയിച്ച് കുടിയിറക്ക് നോട്ടീസ് നല്‍കിയിരുന്നു. അന്ന് പയ്യന്നൂര്‍ ഡെപ്യൂട്ടി തഹസില്‍ദാരും താലൂക്ക് സര്‍വേയറും ഉള്‍പ്പെട്ട ഒരു സംഘം ഇവിടെയെത്തി കേരളത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ശ്രമമുണ്ടായി.
കര്‍ണാടക വനംവകുപ്പ് ജീവനക്കാര്‍ റവന്യൂ സംഘത്തെ തടയുകയും സംയുക്ത സര്‍വേ നടത്തിയാല്‍ സഹകരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംയുക്ത സര്‍വേയ്ക്കായി കേരളത്തിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായില്ല. ഇതിനിടയിലാണ് കർണാടക പാറ(കല്ലിൽ) അടയാളങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത്. പയ്യന്നൂർ താലൂക്ക് തഹസിൽദാർ ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ സന്ദർശനം നടത്തിയത്. പുളിങ്ങോം വില്ലേജ് ഓഫീസർ കെ.എസ്.വിനോദ്കുമാർ, വില്ലേജ് ഉദ്യോഗസ്ഥരായ കെ.ഇ.ഷറഫൂദ്ദീൻ, മനോജ് പി.മാമൻ, എം.വിഷ്ണു തുടങ്ങിയരും ഉണ്ടായിരുന്നു.
സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമായതിനാൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും രണ്ടു സംസ്ഥാനങ്ങളിലെയും കളക്ടർമാരാണ് വിഷയത്തിൽ ഇടപെടേണ്ടതെന്നും റവന്യു സംഘം പറഞ്ഞു.