ടിബി മുക്ത കേരളം: നൂറുദിന കർമ പദ്ധതിക്ക് തുടക്കം
1489815
Tuesday, December 24, 2024 11:14 PM IST
കണ്ണൂർ: കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന നൂറുദിന ക്ഷയരോഗ നിവാരണ-ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡിപിസി ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. നൂറുദിന കർമ പദ്ധതിയുടെ പോസ്റ്റർ ഡിഎംഒ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിന് കൈമാറി മന്ത്രി പ്രകാശനം ചെയ്തു. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പികെ അനിൽകുമാർ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്ഷയരോഗബാധ 2015 നെ അപേക്ഷിച്ചു 80 കുറയ്ക്കുക, ക്ഷയരോഗ മരണനിരക്ക് 90 കുറയ്ക്കുക, ക്ഷയരോഗം കാരണം ആർക്കും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കുക തുടങ്ങിയവയാണ് കാമ്പയിൻ വിഭാവനം ചെയ്യുന്നത്. ക്ഷയരോഗ ബാധിതരോട് അടുത്ത് ഇടപഴകുന്നവർ, പ്രമേഹ ബാധിതർ, എച്ച്ഐവി അണുബാധിതർ, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങിയവർ ക്ഷയരോഗ സാധ്യത കൂടിയവരാണ്.
ഗൃഹ സന്ദർശനത്തിലൂടെയും മറ്റും അതിഥി തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി ക്യാമ്പുകൾ സംഘടിപ്പിച്ചും വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ജയിലുകൾ എന്നിവ സന്ദർശിച്ച് കഫ പരിശോധന നടത്തിയും പരമാവധി രോഗികളെ കണ്ടെത്തും. ഇവർക്ക് ചികിത്സ നൽകുക, പരമാവധി മരണങ്ങൾ കുറയ്ക്കുക, ക്ഷയരോഗത്തെപ്പറ്റിയുള്ള മിഥ്യാധാരണകൾ ഒഴിവാക്കുക, രോഗികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുക, ക്ഷയരോഗ ബോധവത്കരണം എന്നിവയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. സോനു ബി. നായർ അധ്യക്ഷതവഹിച്ചു. ഡിഎംഒ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട് വിശിഷ്ടാതിഥിയായിരുന്നു.
ജില്ലയിലെ ടി.ബി രോഗികൾക്ക് നൽകുവാനുള്ള പേഷ്യന്റ് ട്രീറ്റ്മെൻറ് കാർഡ് എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ ചെറുകുന്ന്, കല്യാശേരി, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാർക്ക് കൈമാറി പ്രകാശനം ചെയ്തു. ജില്ലാ ടിബി സെന്റർ കൺസൾട്ടന്റ് ഡോ. രജ്ന ശ്രീധരൻ ബോധവത്കരണ ക്ലാസെടുത്തു.