ആറളം സർവീസ് സഹ. ബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചു; എൽഡിഎഫിന് ജയം
1489386
Monday, December 23, 2024 3:54 AM IST
ഇരിട്ടി: ആറളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ വിജയിച്ചു. എൽഡിഎഫ്-യുഡിഎഫ് പാനലുകൾ തമ്മിലായിരുന്നു മത്സരമെങ്കിലും വോട്ടെടുപ്പിൽ വ്യാപക ക്രമക്കോട് ആരോപിച്ച് യുഡിഎഫ് തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
കനത്ത പോലീസ് സുരക്ഷയിൽ ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു തെരഞ്ഞെടുപ്പ്. ആകെയുള്ള എട്ടായിരത്തോളം അംഗങ്ങളിൽ 2600 പേരാണ് വോട്ട് ചെയ്യാനെത്തിയത്. ബാങ്ക് പ്രസിഡന്റായി സിപിഎം ഏരിയാ കമ്മിറ്റിയംഗം എൻ.ടി. റോസമ്മയേയും വൈസ് പ്രസിഡന്റായി ഇബ്രാഹിം മംഗലോടിനെയും തെരെഞ്ഞെടുത്തു. തോൽവി ഉറപ്പായതിനാൽ ഉച്ചയോടെ യുഡിഎഫ് കള്ളവോട്ട് ആരോപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് നാടകം നടത്തുകയായിരുന്നുവെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
നടന്നത് വ്യാപക ക്രമക്കേട്: യുഡിഎഫ്
ഇരിട്ടി: ആറളം സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടാണ് നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു. തിരിച്ചറിയൽ കാർഡ് വിതരണം ഉൾപ്പെടെയുള്ളവ ഉദ്യേഗസ്ഥരുടെ ഒത്താശയോടെ അട്ടിമറിച്ചു. എൽഡിഎഫ് പ്രവർത്തകർ കെട്ടുകണക്കിന് തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കുകയും വ്യാപകമായ തോതിൽ കള്ളവോട്ടുകൾ ചെയ്യുകയുമായിരുന്നുവെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു. സിപിഎം നടത്തിയ ജനാധിപത്യ ധ്വംസനത്തിനെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു.