തൃക്കരിപ്പൂർ നെഞ്ചേറ്റിയ സെപക്താക്രോ
1489723
Tuesday, December 24, 2024 6:50 AM IST
ഉറുമീസ് കുത്തോട്ടുങ്കൽ
തൃക്കരിപ്പൂർ: കേരളത്തിൽ ആദ്യമായി നടക്കുന്ന ദേശീയ സബ് ജൂണിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിന് തൃക്കരിപ്പൂർ വേദിയാകുമ്പോൾ എന്താണ് ഈ കായികവിനോദമെന്ന് അന്വേഷിക്കുകയാണ് കായികപ്രേമികളിൽ പലരും. മലേഷ്യയുടെ ദേശീയ കായിക വിനോദമായ സെപക് താക്രോയെ നെഞ്ചേറ്റിയ കേരളത്തിലെ അപൂർവം ഗ്രാമങ്ങളിലൊന്നാണ് തൃക്കരിപ്പൂർ.
കിക്ക് വോളിബോൾ അല്ലെങ്കിൽ ഫുട് വോളിബോൾ എന്നും സെപക് താക്രായെ വിളിക്കാറുണ്ട്. ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിനോട് സാമ്യമുള്ള കളിക്കളത്തിൽ രണ്ട് മുതൽ നാല് വരെ കളിക്കാർ അടങ്ങുന്ന ടീമുകൾ തമ്മിലാണ് കളിക്കുന്നത്. സെപക് താക്രോയ്ക്കായി പ്രത്യേകം നിർമിക്കുന്ന ഭാരം കുറഞ്ഞ പന്ത് ഉപയോഗിച്ചാണ് കളിക്കേണ്ടത്. പാദം, കാൽമുട്ട്, ഷോൾഡർ, നെഞ്ച്, തല എന്നിവ ഉപയോഗിച്ച് പന്ത് തട്ടാം. എന്നാൽ കൈ കൊണ്ട് പന്ത് തട്ടാൻ അനുമതിയില്ല.
സൂപ്പർ സീരീസ് വേൾഡ് കപ്പ്, മലേഷ്യയുടെ ഖിർ ജോഹാരി കപ്പ്, തായ്ലൻഡിന്റെ കിംഗ് കപ്പ് എന്നിവയാണ് ഈ ഇനത്തിലെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൾ. 1988 ൽ നിലവിൽ വന്ന ഇന്റർനാഷണൽ സെപക്താ ക്രോ ഫെഡറേഷനാണ് അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങളെ നിയന്ത്രിക്കുന്നത്. 1960 ൽ മലേഷ്യ, സിംഗപ്പൂർ, തായ്ലൻഡ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ക്വാലാലംപൂരിൽ ഒത്തുചേർന്നാണ് സെപക് താക്രോയുടെ ആധുനിക രൂപം അവതരിപ്പിച്ചത്.
1965 ൽ ക്വാലാലംപൂരിൽ നടന്ന തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസിൽ മെഡൽ ഇനമായി അവതരിപ്പിച്ചു. 1970 ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മലേഷ്യ, തായ്ലൻഡ് ടീമുകൾ തമ്മിൽ പ്രദർശന മത്സരമായി കളിച്ചു. തുടർന്ന് ബെയ്ജിംഗിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ ഇനമായി ഉൾപ്പെടുത്തി. ക്വാലാലംപൂരിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഇടം നേടി.
ജോലിയും വ്യാപാരവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി മലേഷ്യയുമായി ബന്ധം പുലർത്തുന്ന കുടുംബങ്ങളാണ് സെപക് താക്രോയെ തൃക്കരിപ്പൂരിലേക്ക് കൊണ്ടുവന്നത്. മലേഷ്യയിൽ താമസിക്കുന്നവർ നാട്ടിൽ വരുമ്പോൾ സെപക് താക്രോ ബോൾ കൊണ്ടുവന്നാണ് ഈ കായിക വിനോദത്തെ തൃക്കരിപ്പൂരിലും സജീവമാക്കിയത്.
ഇത്തവണ തൃക്കരിപ്പൂരിൽ നടന്നു വരുന്ന ദേശീയ സബ് ജൂണിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലെ ആറ് പേർ കാസർഗോഡുകാരാണ്. വനിതാ ടീമിന്റെ ക്യാപ്റ്റൻ റിൻഷ അബ്ദുൾ കബീർ, എം.ഹാഷിമ, എ.കെ.തീർഥ, ആദിദേവ്, വി.കെ.മുഹമ്മദ് റെയ്ഹാൻ, എസ്.അജയ് എന്നിവരാണ് ജില്ലയുടെ താരങ്ങൾ.
2005 മുതലാണ് വടക്കൻ കേരളത്തിലെ ആറ് ജില്ലകളിൽ ഈ കളി സജീവമായത്. കോഴിക്കോട് കേന്ദ്രീകരിച്ച് അസോസിയേഷൻ രൂപീകരിച്ചതും ഇക്കാലത്താണ്. ഇപ്പോൾ പെൺകുട്ടികളുടെ സംസ്ഥാന ടീമിന്റെ സഹപരിശീലകയായ തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശിനി തീർഥ രാമൻ, പാലക്കാട് നിന്നുള്ള വിഷോയ്, ശ്രുതി, പി.ഷക്കീർ, കെ.ശ്രേയ, ധനുൽ കൃഷ്ണൻ, നന്ദു കൃഷ്ണൻ എന്നീ താരങ്ങൾ സംസ്ഥാനത്തുനിന്ന് ഉയർന്നുവന്നവരാണ്.
ഈ വർഷം ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സീനിയർ, അണ്ടർ 23 വിഭാഗങ്ങളിൽ ഇന്ത്യൻ ടീം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു. സംസ്ഥാന സെപക് താക്രോ അസോസിയേഷൻ സെക്രട്ടറിയായ കെ.വി.ബാബു, എം.ടി.പി.ബഷീർ എന്നിവരുടെ നേതൃത്വത്തിൽ ദിവസവും വൈകുന്നേരം തൃക്കരിപ്പൂരിൽ സെപക് താക്രോ പരിശീലനം നൽകുന്നുണ്ട്.