റോഡ് ഗതാഗതയോഗ്യമാക്കി റഗുലേറ്റർ കം ബ്രിഡ്ജ് ഉപയോഗപ്പെടുത്താൻ നിവേദനം
1489374
Monday, December 23, 2024 3:54 AM IST
പയ്യാവൂർ: തിരൂർ-ചമതച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കി ചമതച്ചാൽ-വളപട്ടണം പുഴയിൽ 2021ൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത റഗുലേറ്റർ കം ബ്രിഡ്ജ് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്ന് കാണിച്ച് തിരൂർ മേഖലയിലെ ആയിരത്തിലധികം കുടുംബങ്ങൾ കെ. സുധാകരൻ എംപിക്ക് നിവേദനം നൽകി.
കണിയാർവയൽ-ഉളിക്കൽ മലയോര ഹൈവേ റോഡിനേയും ആലക്കോട്-ഉളിക്കൽ മലയോര ഹൈവേ റോഡിനേയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണ് തിരൂർ-ചമതാച്ചാൽ റോഡ്. എന്നാൽ, ഇത് ഗതാഗതയോഗ്യമല്ലാത്തതിനാൽ പടിയൂർ പഞ്ചായത്തിനെയും പയ്യാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചമതാച്ചാൽ-വളപട്ടണം പുഴയിൽ നാലുവർഷം മുന്പ് ഉദ്ഘാടനം ചെയ്ത റഗുലേറ്റർ കം ബ്രിഡ്ജിന്റെയും ഗുണം പ്രദേശവാസികൾക്ക് ലഭിക്കുന്നില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇരിക്കൂർ മണ്ഡലത്തിലെ ഒന്പത് പഞ്ചായത്തുകളിലുള്ളവർക്ക് മട്ടന്നൂർ വിമാനത്താവളത്തിൽ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരൻ സാധിക്കുന്ന റോഡ് കൂടിയാണ് തിരൂർ-ചമതാച്ചാൽ റോഡ്. റോഡ് തകർന്നു കിടക്കുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
തിരൂർ മുതൽ ചമതാച്ചാൽ വരെയുള്ള 800 മീറ്ററോളം നീളമുള്ള ഈ റോഡ് അടിയന്തരമായും ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും എംപിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.