ചീങ്കണ്ണിപുഴ ഡിജിറ്റൽ സർവേ പുനഃരാരംഭിക്കാൻ ധാരണ
1489719
Tuesday, December 24, 2024 6:50 AM IST
ചെട്ടിയാംപറമ്പ് : ചീങ്കണ്ണിപ്പുഴ അതിർത്തിയിലെ ഭൂമി അളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വ്യക്തത വരുത്താനായി കേളകം പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ ഹെഡ് സർവെയർ പി. രാജീവൻ പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിച്ചു. പ്രദേശവാസികളുടെ പട്ടയ ഭൂമികൾ കുറവ് വന്നതുമായി ബന്ധപ്പെട്ട് മൊത്തം അളവ് നടത്തിയതിനുശേഷം കാര്യങ്ങൾക്ക് വ്യക്തത വരുമെന്നും, തുടർന്ന് തന്റെ തന്നെ നേതൃത്വത്തിൽ പ്രദേശത്ത് സ്പെഷ്യൽ ക്യാമ്പ് വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
പുഴയുടെ അവകാശത്തിൽ വനം വകുപ്പുമായി തർക്കം നിലനിൽക്കുന്നുണ്ടെന്നും എന്നാൽ ഇത് പരിഹരിക്കാൻ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെട്ടിയാംപറമ്പ് പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം ചീങ്കണിപ്പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിൽ വിഷയങ്ങൾ അവതരിപ്പിച്ചു. ചീങ്കണ്ണിപ്പുഴ വന്യജീവി സങ്കേതത്തിന്റെ അതിർത്തി ആകയാൽ റിവർ ഹാഫ് എന്ന പ്രക്രിയ അംഗീകരിക്കില്ലെന്നും, പുഴയും, പുറമ്പോക്കും പഞ്ചായത്തിൽ നിക്ഷിപ്തമാക്കണമെന്നും യോഗത്തിൽ സംബന്ധിച്ച പ്രദേശവാസിയും കിഫ ജില്ല പ്രസിഡന്റുമായ പ്രിൻസ് ദേവസ്യ വ്യക്തമാക്കി. പുഴയിൽ വനം വകുപ്പ് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത് പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും, മറ്റു രേഖകൾ പ്രകാരവും നിലനിൽക്കില്ലെന്നും പുഴ ആത്യന്തികമായി കേളകം പഞ്ചായത്തിലേക്ക് തന്നെ ചേർക്കപ്പെടുമെന്നും മറുപടിയായി പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് പറഞ്ഞു.
വാർഡ് അംഗങ്ങളായ ലീലാമ്മ ജോണി, ബിജു പൊരുമത്തറ എന്നിവരും യോഗത്തിൽ സംസാരിച്ചു. ചീങ്കണ്ണിപുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റിയുടെ ഭാരവാഹികളും, പ്രദേശവാസികളും പങ്കെടുത്ത യോഗത്തിൽ നിർത്തിവച്ച സർവേ പുനരാരംഭിക്കാനും ധാരണയായി.