ആനമതിൽ നിർമാണത്തിൽ പുരോഗതിയില്ല ; ‘നോ പ്രോഗ്രസ് ' റിപ്പോർട്ട് നൽകി
1489712
Tuesday, December 24, 2024 6:50 AM IST
ഇരിട്ടി: ആറളം ആനമതിലിന്റെ പ്രവൃത്തിയിൽ പുരോഗതിയില്ലാത്തതിനാൽ "നോ പ്രോഗ്രസ്' റിപ്പോർട്ട് ചീഫ് എൻജിനfയർക്ക് നൽകിയതായി മരാമത്ത് കെട്ടിട നിർമാണ വിഭാഗം പ്രതിനിധികൾ സണ്ണി ജോസഫ് എംഎൽഎ വിളിച്ച പേരാവൂർ നിയോജക മണ്ഡലംതല മരാമത്ത്-കെഎസ്ടിപി-കെആർഎഫ്ബി അവലോകന യോഗത്തിൽ അറിയിച്ചു.
അമ്പായത്തോട്-പാൽച്ചുരം-ബോയ്സ് ടൗൺ റോഡിന്റെ പുനർ നിർമാണത്തിനു 35 കോടി രൂപയുടെ എസ്റ്റിമേറ്റ് പുതുക്കി 39 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് സാമ്പത്തികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും കെആർഎഫ്ബി പ്രതിനിധി അറിയിച്ചു. നിയോജക മണ്ഡലത്തിൽ തകർച്ചയിലായ 27 റോഡുകളുടെ അറ്റകുറ്റപ്പണിക്കു ഭരണാനുമതി ലഭിച്ചു. സാങ്കേതികാനുമതി കൂടി ലഭിക്കുന്നതോടെ പ്രവൃത്തി തുടങ്ങും. കണ്ണൂർ വിമാനത്താവളത്തിലേക്കു വയനാട്ടിൽ നിന്ന് കിഫ്ബി പദ്ധതിയിൽ 2000 കോടി രൂപ ചെലവിൽ ലക്ഷ്യമിട്ട ഹൈടെക് റോഡിനായുള്ള സാമുഹികാഘാധ പഠനം പുരോഗമിക്കുകയാണ്.
ഒരുവർഷം മുന്പ് നവീകരണത്തിനു ഉടമ്പടി വച്ചെങ്കിലും ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ പ്രവൃത്തികൾ വൈകിയതിനാൽ കരാറുകാർ പിൻവാങ്ങിയ പെരുമ്പുന്ന-എടത്തൊട്ടി (3.85 കോടി രൂപ), വിളക്കോട്-അയ്യപ്പൻകാവ് (മൂന്ന് കോടി രൂപ) പ്രവൃത്തികൾക്ക് റീടെൻഡർ വിളിച്ചതായും 28 വരെയാണു ടെൻഡർ സമർപ്പണത്തിനുള്ള സമയമെന്നും എന്നും റോഡ്സ് വിഭാഗം അറിയിച്ചു.
അഞ്ചു കോടി രൂപയ്ക്ക് കരാർ നൽകിയ ഇരിട്ടി-പേരാവൂർ റോഡ് നവീകരണം ഉൾപ്പെടെ മരാമത്ത് റോഡ് പ്രവൃത്തികളിൽ പുരോഗതിയില്ലാത്തതു തുടർച്ചയായി മൂന്നാം മാസത്തെ അവലോകന യോഗത്തിലും വിമർശനത്തിനിടയാക്കി. പ്രവൃത്തി വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ എംഎൽഎ നിർദേശിച്ചു. മലയോര ഹൈവേ വള്ളിത്തോട്-മണത്തണ റോഡ് നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ കുടിവെള്ള പദ്ധതി പൈപ്പിടൽ തുടങ്ങിയ സാഹചര്യത്തിൽ ഊർജിതമാക്കും.