വയലുകളെ പച്ചപ്പണിയിക്കാന്‍ അഗ്രി ആര്‍മി
1489832
Tuesday, December 24, 2024 11:42 PM IST
പയ്യന്നൂര്‍: പയ്യന്നൂർ നിയോജക മണ്ഡലപരിധിയിലെ വയലുകള്‍ തരിശ് രഹിതമാക്കാന്‍ 110 അംഗ അഗ്രി ആര്‍മി രംഗത്ത്. ആവശ്യമായ പരിശീനവും യൂണിഫോമും നല്‍കിയാണ് തദ്ദേശ സ്ഥാപനങ്ങള്‍, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കേരള കര്‍ഷകസംഘം അഗ്രി ആര്‍മിക്ക് രൂപം നല്‍കിയത്. തരിശ് രഹിത പയ്യന്നൂര്‍ മണ്ഡലം പദ്ധതി കോറോം കാനായി വയലില്‍ 28ന് വൈകുന്നേരം നാലിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
പദ്ധതി വിശദീകരണവും അഗ്രി ആര്‍മി ഉദ്ഘാടനവും കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന് പനോളി നിര്‍വഹിക്കും. കൃഷി ലാഭകരമല്ലെന്ന് പറഞ്ഞ് പലരും പിന്തിരിഞ്ഞതോടെ സമൃദ്ധമായി വിളഞ്ഞു നിന്നിരുന്ന വയലുകള്‍ പലതും ഇന്ന് തരിശായിമാറി. ഇതിനൊരു പരിഹാരമായി പുതുതലമുറയെക്കൂടി കൃഷിയിലേക്ക് ആകര്‍ഷിക്കാനും മാന്യമായ വേതനം കൃഷിക്കാര്‍ക്ക് ലഭ്യമാക്കാനും പുതിയൊരു കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2680 ഏക്കറയിലധികം വയലുകളാണ് പയ്യന്നൂരില്‍ ഉള്ളത്. കേരള കര്‍ഷക സംഘം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022ല്‍ നടപ്പിലാക്കിയ എന്റെ പയ്യന്നൂര്‍ തരിശ് രഹിത പയ്യന്നൂര്‍ പദ്ധതിയില്‍ 485 ഏക്രയിലധികം കൃഷി ചെയ്യാന്‍ കഴിഞ്ഞു. ഇതിന്റെ ചുവട് പിടിച്ചാണ് കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ വയലുകളും തരിശ് രഹിതമാക്കാന്‍ തീരുമാനിച്ചത്.
പയ്യന്നൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ പദ്ധതി പൈലറ്റ് പ്രോജക്ടായാണ് ഏറ്റെടുത്തിരിക്കുന്നത്. ഓരോ നിയോക മണ്ഡലങ്ങളിലും ഒരു പഞ്ചായത്ത് കര്‍ഷക സംഘം ഏറ്റെടുത്ത് പദ്ധതി നടപ്പിലാക്കാനും തീരുമാനമുണ്ട്. ആദ്യഘട്ടമായി പരിശീലനം നേടിയ 110 പേര്‍ക്കുള്ള യൂണിഫോമുകള്‍ വെള്ളൂര്‍, കോറോം സര്‍വീസ് സഹകരണ ബാങ്കുകളാണ് നല്‍കിയത്. നെല്‍കൃഷിയോടൊപ്പം പച്ചക്കറി കൃഷിയിലും സ്വയം പര്യാപ്ത മണ്ഡലമാക്കി മാറ്റുവാനാണ് കര്‍ഷക സംഘം ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ വില്ലേജുകളിലും സംഘാടക സമിതികളും ക്ലസ്റ്ററുകളും രൂപീകരിച്ചു വരികയാണ്.