ഇരിട്ടി ടൗണിൽ അനധികൃത പാർക്കിംഗിനെതിരേ നടപടി
1489816
Tuesday, December 24, 2024 11:14 PM IST
ഇരിട്ടി: ക്രിസ്മസ് തലേന്ന് കടുത്ത ഗതാഗത കുരുക്ക് കാരണം ബുദ്ധിമുട്ടിയ ഇരിട്ടി ടൗണിൽ അനധികൃത പാർക്കിംഗിനെതിരെ പോലീസ് നടപടി. രാവിലെ11ന് ആരംഭിച്ച പോലീസ് പരിശോധനയിൽ 100 ഓളം വാഹങ്ങങ്ങളിൽ സ്റ്റിക്കർ ഒട്ടിച്ചു. ഒരുമണിക്കൂർ മാത്രമാണ് പാർക്കിംഗ് സമയം എങ്കിലും ക്രിസ്മസ് പ്രമാണിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് പോലീസ് വീണ്ടും പരിശോധനക്ക് എത്തിയത്.
രണ്ടാം വട്ട പരിശോധനയിൽ രണ്ട് മണിക്കൂറിനു മുകളിൽ പാർക്ക് ചെയ്ത 33 വാഹനങ്ങൾക്ക് ഫൈനിട്ടു.
കൂടുതൽ സമയം പാർക്ക് ചെയ്ത വാഹനത്തിൽ ഫൈനിട്ടതായി രേഖപ്പെടുത്തിയ സ്റ്റിക്കർ പോലീസ് ഒട്ടിച്ചു. വാഹനങ്ങളിൽ അധികവും ഇരിട്ടിയിലെ തന്നെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളുടെതാണെന്നാണ് പോലീസ് പറയുന്നത്. ഫൈൻ ഇട്ടതിൽ മറ്റൊരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും ഉണ്ടായിരുന്നു. 250 രൂപയാണ് ഫൈൻ അടയ്ക്കേണ്ടത്.