പ്രിയ വർഗീസ് നിയമനത്തിൽ പ്രതിഷേധിക്കാതെ സംയമനം പാലിച്ച മൂന്നാം റാങ്കുകാരന്റെ ഭാര്യയ്ക്ക് രജിസ്ട്രാർ നിയമനം
1489825
Tuesday, December 24, 2024 11:42 PM IST
കണ്ണൂർ: പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസർ നിയമനം നൽകിയപ്പോൾ നടപടിയെ ചോദ്യം ചെയ്യാതിരുന്ന മൂന്നാംറാങ്കുകാരന്റെ ഭാര്യക്ക് ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ രജിസ്ട്രാർ നിയമനം നൽകിയത് സർക്കാരിന്റെ പാരിതോഷികമാണെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി.
മൂന്നാം റാങ്കുകാരനായിരുന്ന സി. ഗണേഷിന് സീനിയോറിറ്റിയും മാനദണ്ഡങ്ങളും നോക്കാതെ മലയാളം സർവകലാശാലയിൽ പരീക്ഷാ കൺട്രോളറായി നേരത്തെ നൽകിയ നിയമനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ അദേഹത്തിന്റെ ഭാര്യയ്ക്ക് രജിസ്ട്രാർ നിയമനവും നൽകിയത്. സർവകലാശാലകളിലേക്കുള്ള സർക്കാരിന്റെ അനധികൃത ഇടപെടലുകളുടെ ഒടുവിലത്തെ ഉദാഹരണമാണിത്.
കണ്ണൂർ സർവകലാശാലയിൽ നിയമനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ജോസഫ് സ്കറിയായോടു കൂടെയാണ് കേരളത്തിലെ അധ്യാപക സമൂഹം. 651 റിസർച്ച് സ്കോർ ഉണ്ടായിരുന്ന ജോസഫ് സ്കറിയായെ 156 എന്ന വളരെ കുറഞ്ഞ റിസർച്ച് സ്കോർ കൊണ്ടാണ് സുപ്രീംകോടതി അയോഗ്യനാക്കി മാറ്റിയ ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസലർ ആയിരുന്ന കാലഘട്ടത്തിൽ സർവകലാശാലയിൽ മലയാളം ഡിപ്പാർട്ട്മെന്റിൽ അസോസിയേറ്റ് പ്രഫസറായി പ്രിയ വർഗീസിനെ നിയമിച്ചത്. നിയമനത്തിനെതിരേ യുജിസിയും ജോസഫ് സ്കറിയയും കോടതിയെ സമീപിക്കുകയും ഇപ്പോൾ കേസ് സുപ്രീംകോടതിയിൽ എത്തി നിൽക്കുകയും ചെയ്യുന്നു.
ഏത് അനധികൃത നിയമനവും സംയമനത്തോടെ കാണുന്ന ഇടതുപക്ഷ അധ്യാപക നേതാക്കൾക്ക് വേണ്ടി ഏതു പദവിയും നൽകാനുള്ള സർക്കാർ സ്പോൺസേർഡ് നിലപാട് ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. നാലാം റാങ്കുകാരനായിരുന്ന പി.പി. പ്രകാശിന് പിഎസ്സി അംഗമായി നേരത്തെ സർക്കാർ നിയമനം നൽകിയിരുന്നു.
മൂന്നാം റാങ്കുകാരൻ സി. ഗണേഷിന്റെ ഭാര്യയുടെ രജിസ്ട്രാർ നിയമനത്തിലെ വിശദാംശങ്ങൾ പഠിക്കുമെന്നും അനധികൃത നിയമനത്തെ വീണ്ടും കോടതിയിൽ ചോദ്യം ചെയ്യുമെന്നും കെപിസിടിഎ അറിയിച്ചു.
ഡോ.ഷിനോ പി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പി. പ്രജിത, ഡോ.വി. പ്രകാശ് എന്നിവർ പ്രസംഗിച്ചു.