തിരുപ്പിറവിക്കായി നാടും നഗരവും ഒരുങ്ങി
1489721
Tuesday, December 24, 2024 6:50 AM IST
കണ്ണൂർ: ബേത്ലഹേമിലെ കാലിത്തൊഴുത്തില് സന്മനസിന്റേയും സമാധാനത്തിന്റേയും ദൂതുമായി യേശു പിറന്നതിന്റെ ഓര്മ പുതുക്കുന്ന ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ജാതിമതഭേദമന്യേ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ദേവാലയങ്ങളിലുമെല്ലാം നക്ഷത്രങ്ങളാലും ദീപാലങ്കാരങ്ങളാലും നിറഞ്ഞു.
ഇന്ന് അർധരാത്രിയോടെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ നടക്കും. തിരുപ്പിറവിക്ക് മുന്നോടിയായി വൈകുന്നേരത്തോടെ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് വീടുകൾ തോറും കരോൾ നടക്കും. ദേവാലയങ്ങളിൽ പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും യുവജനസംഘടനകളുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനകം തന്നെ പ്രധാനപ്പെട്ട ടൗണുകൾ കേന്ദ്രീകരിച്ച് കരോൾ നടന്നു. ദേവാലയങ്ങളിൽ പുൽക്കൂട് മത്സരം, പാപ്പാ ഡാൻസ് എന്നിവയും നടക്കുന്നുണ്ട്. തിരുക്കർമങ്ങൾക്കു ശേഷം പള്ളികളിലും പ്രാർഥനകൾക്കു ശേഷം വീടുകളിലും ക്രിസ്മസ് കേക്ക് മുറിക്കും.
തലശേരി അതിരൂപത ആസ്ഥാനത്തെ തിരുപ്പിറവി ശുശ്രൂഷകൾ രാത്രി 12ന് തലശേരി സെന്റ് ജോസഫ് കത്തീഡ്രലിൽ തുടങ്ങും. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം സഹകാർമികത്വം വഹിക്കും. രാവിലെ എട്ടിന് വിശുദ്ധ കുർബാനയും നടക്കും.
കണ്ണൂർ രൂപതയുടെ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ബിഷപ് ഡോ. അലക്സ് വടക്കുംതല രാത്രി 10.30നു കത്തീഡ്രൽ ഗ്രൗണ്ടിൽ നടക്കുന്ന കരോൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് 11.45 ന് ആഘോഷമായ പാതിരാ കുർബാനയ്ക്ക് ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, വികാരി ജനറാൾ റവ.ഡോ. മോൺ. ക്ലാരൻസ് പാലിയത്ത് എന്നിവർ പങ്കെടുക്കും. തുടർന്ന് കേക്ക് മുറിക്കലും മറ്റ് ആഘോഷങ്ങളും നടക്കും.
കോട്ടയം അതിരൂപതയുടെ കീഴിലുള്ള ശ്രീപുരം സെന്റ് മേരീസ് പള്ളിയിൽ ഇന്നു രാത്രി 10 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നേതൃത്വം നല്കും.